barber-monoharan

മലയിൻകീഴ്: തിരുമല പോസ്റ്റോഫീസിന് സമീപത്തെ ബാർബർ മനോഹരൻ അറിയപ്പെടുന്നത് അണ്ണൻ മനോഹരനെന്നാണ്. ബാർബർ ഷോപ്പ് ആരംഭിച്ചിട്ട് 50 വർഷം പിന്നിടുന്നു. ഇക്കാലയളവിൽ മനോഹരന് ലഭിച്ച തലകളുടെ കൂട്ടത്തിൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരും സൂപ്പർ സ്റ്റാർ മോഹൻലാലും ഉൾപ്പെടും.

മനോഹരന്റെ 17-ാമത്ത് വയസിലാണ് തിരുമല പോസ്റ്റാഫീസിന് സമീപം ബാർബർ ഷോപ്പ് തുടങ്ങിയത്. ഇപ്പോഴും കടയ്ക്ക് മാറ്റമില്ല. കടയ്ക്കുള്ളിൽ മുടിമുറിക്കാനെത്തുന്ന ഒരാൾക്ക് മാത്രം ഇരിക്കാനുള്ള സ്ഥലസൗകര്യമേ അന്നും ഇന്നുമുള്ളൂ. ബാക്കിയുള്ളവർ കടയ്ക്ക് മുന്നിൽ സ്റ്റൂൾ, ബെഞ്ച് ഇട്ടിരിക്കും. കഴിഞ്ഞ ദിവസം 67-ം ജന്മദിനമെത്തിയപ്പോഴാണ് തന്റെ കടയ്ക്ക് 50 വയസായെന്ന് മനോഹരൻ അറിയിക്കുന്നത്. കുണ്ടമൺ ഭാഗത്താണ് മനോഹരൻ കുടുംബം സമേതം കഴിയുന്നത്.

മുൻ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ എ.കെ.ജിയുമായി മുടവൻമുകളിൽ ഒളിവിൽ കഴിയുന്ന സമയത്താണ് മുടിമുറിച്ച് കൊടുത്തത്. സൂപ്പർ സ്റ്റാർ മോഹൻലാൽ കോളേജിൽ പഠിക്കുന്ന സമയത്താണ് തന്റെ ഈ കൊച്ചുകടയിലെത്തി മുടിമുറിച്ചിരുന്നതെന്ന് മനോഹര അണ്ണൻ പറയുന്നു.

മനോഹരനെ സുഹൃത്തുക്കൾ ചേർന്ന് ആദരിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിഅംഗം എ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. വി.കെ. ഗിരീഷ്‌ കുമാർ, അഡ്വ. ജീവൻ, തിരുമല നാസർ, അസീസ്, ഷാഹുൽ ഹമീദ്, അഡ്വ. മൊയ്ദീൻ ആശംസകൾ അർപ്പിച്ചു.