jan17b

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതിൽ ആശങ്ക. സുരക്ഷാ മാനദണ്ഡങ്ങൾ ജനം പാലിക്കാത്തതാണ് പ്രധാന കാരണം. ഇതു മനസ്സിലാക്കി ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ അധികൃതർ ഒരുങ്ങുന്നു. സർക്കാർ ഏർപ്പെടുത്തിയ കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ആറ്റിങ്ങലിൽ ഒരിടത്തും പാലിക്കുന്നില്ലെതാണ് വാസ്തവം. കൊവിഡ‌് ഒന്നും രണ്ടും തരങ്കങ്ങളെ കരുതലോടെ നേരിട്ട നഗരസഭയ്ക്ക് മൂന്നാം തരംഗത്തെ പിടിച്ചു നിറുത്താനാവാത്ത അവസ്ഥയാണ്. ഇത് വരും ദിവസങ്ങളിൽ രോഗ ബാധിതരുടെ വർദ്ധനയ്ക്ക് ഇടയാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതരുള്ള ജില്ലയാണ് തിരുവനന്തപുരം. ഇവിടത്തെ തദ്ദേശ സ്ഥാപനങ്ങളിലെ രോഗികളുടെ എണ്ണത്തിൽ ആറ്റിങ്ങൽ ഒന്നാമതാണെന്നാണ് കണക്കുകൾ പറയുന്നത്. കൊവിഡ് മൂന്നാം തരംഗത്തിൽ പ്രതിദിനം ശരാശരി 30 കൊവിഡ് പോസിറ്റീവ് കേസുകൾ ആറ്റിങ്ങലിൽ റിപ്പോർട്ട് ചെയ്യുകയാണ്. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് ആറ്റിങ്ങലിൽ 140 പോസിറ്റീവ് കേസുകൾ നിലവിലുണ്ട്.

രണ്ടു വാക്സിനും എടുത്തവർക്കും കുട്ടികൾക്കുമെല്ലാം രോഗം ബാധിക്കുകയാണിവിടെ. ഒരിക്കൽ രോഗം വന്ന് നെഗറ്റീവ് ആയവരും ഇക്കൂട്ടത്തിലുണ്ട്.

ജനം നഗരത്തിൽ എപ്പോഴും തിരക്കിലാണ്. അവർ സാമൂഹിക അകലംപാലിക്കാനോ,​ ശരിയായി മാസ്ക് ധരിക്കാനോ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കാനോ ഇപ്പോൾ മെനക്കെടാറില്ല. പൊതു സ്ഥലങ്ങളിൽ പോലും മാസ്ക് ധരിക്കാതെ സഞ്ചരിക്കുന്നവർ നഗരത്തിൽ കൂടിവരികയാണ്. മാസ്കിനു പകരം കർചീഫ് ഉപയോഗിക്കുന്നതും ഇപ്പോൾ സ്റ്റൈലാക്കിയിരിക്കുകയാണ് ജനം. ആരെങ്കിലും ശ്രദ്ധിക്കുന്നു എന്ന് തോന്നുമ്പോഴാണ് അത് വായും മൂക്കും മറയ്ക്കുന്ന തരത്തിൽ വലിച്ചുകയറ്റുന്നത്.

പൊതു സ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും സാമൂഹിക അകലം പാലിക്കാതെ മുട്ടിയുരുമ്മിയാണ് ജനങ്ങൾ പോകുന്നത്. ബസ് വെയിറ്റിംഗ് ഷെഡുകളിലും ബസ് സ്റ്റാൻഡുകളിലും ആശുപത്രികളിലും ആളുകൾ കൂട്ടം കൂടി നിൽക്കുയാണ്. യാത്രക്കാരെ കുത്തിനിറച്ചാണ് ബസ്സുകളും പോകുന്നത്. പൊതുപരിപാടികളിലും വിവാഹം, മരണം, മരണാനന്ത ചടങ്ങ് എന്നിവകളിലെല്ലാം പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും പാലിക്കുന്നില്ല.