1

വിഴിഞ്ഞം: പൊലീസ് പിക്കറ്റ് പോസ്റ്റിൽ കരണ്ടില്ലാതെ പൊലീസുകാർ ഇരുട്ടിൽ തപ്പുന്നു. ചുറ്റും കാട് പിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കൾ കയറുമെന്ന ഭയത്തിലാണ് പൊലീസുകാർ ഇവിടെ ഡ്യൂട്ടി നോക്കുന്നത്. ടോയലെറ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ടെങ്കിലും കരണ്ട് ഇല്ലാത്തത് പൊലീസുകാരെ വലയ്ക്കുന്നു. ദേശീയ ഗയിംസിനായി കഴക്കൂട്ടത്ത് സ്ഥാപിച്ചിരുന്ന വില്ലകളിലെ ഫ്രീ ഫാബ് യൂണിറ്റുകളിൽ ഒന്നാണ് വിഴിഞ്ഞത്ത് പൊലീസുകാർക്ക് പിക്കറ്റ് പോസ്റ്റായി പുനർ നിർമ്മിച്ചത്. ആദ്യകാലങ്ങളിൽ ഇതിൽ വൈദ്യുതി ഉണ്ടായിരുന്നെങ്കിലും നിലവിൽ കട്ട് ചെയ്തിരിക്കുകയാണ്. വൈദ്യുതി ഇല്ലാത്തതിനാൽ അമിതമായ ചൂടു അനുഭവപ്പെടുന്നുവെന്ന് പൊലീസുകാർ പറയുന്നു. ഫോൺ ചാർജ് ചെയ്യാൻ പറ്റാത്തതിനാൽ അടിയന്തിര ഘട്ടത്തിൽ സ്റ്റേഷനുകളിൽ വിവരം നൽകാനും കഴിയുന്നില്ല. 7 പിക്കറ്റ് പോസ്റ്റുകളാണ് വിഴിഞ്ഞത്ത് ഉള്ളത്. ഇതിൽ 6 എണ്ണവും ഓല മേഞ്ഞ ഷെഡുകളാണ്. മത്സ്യബന്ധന സീസൺ ആകുമ്പോൾ ഇവ ഓല മേയാറുണ്ടെങ്കിലും പിന്നെ അധികൃതർ തിരിഞ്ഞു നോക്കാറില്ല. നോ മാൻസ് ലാൻഡിലെ പിക്കറ്റ് പോസ്റ്റിൽ സ്ഥിരമായി പൊലീസ് കാവലുണ്ട്. ഇവിടെയാണ് വെളിച്ചമില്ലാതെ പൊലീസുകാർക്ക് ഡ്യൂട്ടി നോക്കേണ്ട ഗതികേട്.