photo1

പാലോട്: ആദിവാസി ഊരുകളിലെ ലഹരിമാഫിയയെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് റൂറൽ എസ്.പി ഡോ.ദിവ്യ വി. ഗോപിനാഥ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികൾ രണ്ട് മാസത്തിനിടെ ആത്മഹത്യ ചെയ്‌ത ഇടിഞ്ഞാറിലെ വിട്ടിക്കാവ്, ഇയ്യക്കോട്, ഒരു പറകരിക്കകം എന്നീ ആദിവാസി ഊരുകളിൽ സന്ദർശനം നടത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ഊരിന് പുറത്തുനിന്നുള്ളവരുടെ അനാവശ്യ കടന്നുവരവ് നിയന്ത്രിക്കുന്നതിനൊപ്പം ഊരുകളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ട് ബോധവത്കരണ ക്ലാസുകൾ നടത്തുമെന്നും എസ്.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്, വാർഡ് മെമ്പർ ഭാസുരാംഗി, ആദിവാസി സംഘടനാ നേതാക്കൾ എന്നിവരോടും എസ്.പി കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ഇയ്യക്കോട് ആദിവാസി ഊരിലെത്തിയ എസ്.പിയോടും സംഘത്തോടും പെൺകുട്ടികൾ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ഊരുമൂപ്പന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സംസാരിച്ചു. നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദ്, പാലോട് സി.ഐ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീൻ, വനംവകുപ്പ് ജീവനക്കാർ, എക്സൈസ് വകുപ്പ് ജീവനക്കാർ തുടങ്ങിയവരും എസ്.പിയോടൊപ്പമുണ്ടായിരുന്നു. പൊലീസ്, എക്സൈസ്, വനംവകുപ്പ് വിഭാഗങ്ങൾ ശക്തമായി ഇടപെട്ടാൽ ആദിവാസി മേഖലകളിലെ വ്യാജമദ്യ ലോബികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനൊപ്പം ലഹരിമാഫിയയ്ക്ക് തടയിടാൻ കഴിയുമെന്നും ജനങ്ങൾ പറയുന്നു.

ആദിവാസി മേഖലയിലെ പെൺകുട്ടികളെ കൗൺസലിംഗിന് വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്. ആദിവാസി ഊരുകളിലെ ആത്മഹത്യകളെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകണമെന്ന് വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി വീണാ ജോർജും നിർദ്ദേശം നൽകിയിട്ടുണ്ട്.