covid-hipe

 അടിയന്തരമല്ലാത്ത കൊവിഡിതര ചികിത്സകൾ നീട്ടുന്നു

തിരുവനന്തപുരം : കൊവിഡ് മൂന്നാംതരംഗം സംസ്ഥാനത്ത് രൂക്ഷമായതോടെ സർക്കാർ-സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഒരുപോലെ പ്രതിസന്ധിയിൽ. ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ രോഗബാധിതരാകുന്ന സ്ഥിതി. കഴിഞ്ഞ രണ്ട് തരംഗത്തിൽ നിന്ന് വ്യത്യസ്തമായി, പത്ത് പേരെ പരിശോധിക്കുമ്പോൾ എട്ടു പേരും പോസിറ്റീവാകുന്നു. ഒരാഴ്ചക്കിടെയാണ് ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ രോഗബാധിതരാകാൻ തുടങ്ങിയത്. സർക്കാരിന്റെ കണക്ക് പ്രകാരം 904 പേരാണ് ഇക്കാലയളവിൽ രോഗികളായത്. ആരോഗ്യപ്രവർത്തകരുടെ കുറവ് കാരണം മാറ്റിവയ്ക്കാൻ കഴിയുന്ന ശസ്ത്രക്രിയ ഉൾപ്പെടെയുള്ള കൊവിഡിതര ചികിത്സ നീട്ടുകയാണ് ആശുപത്രികൾ.

സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളും പ്രതിസന്ധിയിലാണ്. സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും സമാനമാണ്. അടിയന്തരമായി ശസ്ത്രക്രിയകൾക്കും പ്രസവത്തിനുമായി എത്തിക്കുന്നവരെ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവാകുന്നവരെ ഉടൻ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കുകയാണ്. ഇതോടൊപ്പം ആർ.ടി.പി.സി.ആർ സാമ്പിളെടുക്കുമെങ്കിലും ഫലം വരുന്നത് വരെകാത്തിരിക്കില്ല. എന്നാൽ, ശസ്ത്രക്രിയകളും പ്രസവവും കഴിയുന്നതോടെ ആർ.ടി.പി.സി.ആർ ഫലം എത്തും ആന്റിജൻ നെഗറ്റീവായ ഭൂരിഭാഗം പേരും പോസിറ്റീവാകുന്ന സ്ഥിതിയാണിപ്പോൾ. ഇതോടെയാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കൂട്ടത്തോടെ രോഗബാധിതരാകുന്നത്. ഇൗ അവസ്ഥ കണക്കിലെടുത്ത് അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർ മാത്രം ആശുപത്രികളിലെത്തിയാൽ മതിയെന്നാണ് അധികൃതരുടെ നിലപാട്.

ആശുപത്രികൾ കൊവിഡ‌് വ്യാപനകേന്ദ്രങ്ങളായതോടെ കൂട്ടത്തോടെ ആളുകൾ എത്തുന്നതും അപകടമാണ്. രോഗവ്യാപനം കൂടുന്നതിന് ആനുപാതികമായി ആശുപത്രികളിലെത്തുന്നവരിലും വർദ്ധനവുണ്ടാകും. ഈ സാഹചര്യം ആശുപത്രികൾക്ക് കടുത്ത വെല്ലുവിളിയാണ്.

ഒരാഴ്ചക്കിടെ രോഗികളായ

ആരോഗ്യപ്രവർത്തകർ

11ന് 113

12ന് 125

13ന് 104

14ന് 116

15ന് 153

16ന് 149

17ന് 144

സ്‌ക്കൂളുകളിലെ വാക്‌‌സിനേഷൻ ആശങ്ക

ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ രോഗബാധിതരാകുന്ന സാഹചര്യത്തിൽ സ്‌ക്കൂളുകളിൽ വാക്‌സിനേഷൻ ആരംഭിക്കുന്നത് പ്രതിസന്ധിയിൽ നിലനിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിലുള്ള നഴ്സുമാർ ഉൾപ്പെടെ കൊവിഡ് ബാധിതരാണ്. നിലവിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലേക്ക് ജീവനക്കാരെ നിയോഗിക്കാൻ പോലും ഓരോ ജില്ലയിലും ആരോഗ്യവകുപ്പ് നെട്ടോട്ടമോടുകയാണ്.