പാറശാല: പരശുവയ്ക്കൽ പ്ലാവിള പൊറ്റക്കരയ്ക്കാട് - കൊറ്റാമം ഓട് കമ്പനി പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നാഴ്ചയിലേറെയായി. കുടിവെള്ളം ലഭ്യമാകാതെ വന്നതോടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പ്രദേശത്തെ മുപ്പതിലേറെ കുടുംബങ്ങൾ ബുദ്ധിമുട്ടിലായി. കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ അലഞ്ഞ നാട്ടുകാർ പരാതിയുമായി വാട്ടർ അതോറിട്ടിയെ സമീപിച്ചെങ്കിലും അറ്റകുറ്റപ്പണികൾ നടത്താൻ ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി.
വിവരം അറിഞ്ഞെത്തിയ ബി.ജെ.പി പ്രവർത്തകർ വാട്ടർ അതോറിട്ടി അധികൃതരെ കണ്ട് നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് നാട്ടുകാർ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് വരുമെന്ന് അറിയിച്ചതോടെ അന്ന് വൈകുന്നേരത്ത് കുടിവെള്ളം എത്തിക്കുമെന്ന് എ.ഇ ഉറപ്പ് നൽകി.
കുടിവെള്ളം എത്തിക്കാത്ത പക്ഷം നടത്തുന ജനകീയ സമരങ്ങളുടെ മുന്നോടിയായുള്ള ഒപ്പ് ശേഖരണത്തിനും ബി.ജെ.പി തുടക്കംക്കുറിച്ചു. തുടർന്ന് വൈകുന്നേരത്തോടെ തന്നെ വാട്ടർ അതോറിട്ടി തകരാറുകൾ പരിഹരിച്ച് കുടിവെള്ളം എത്തിച്ചതോടെ നാട്ടുകാരും സന്തോഷത്തിലായി. ബി.ജെ.പി പാറശാല മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് കൃഷ്ണ, പരശുവയ്ക്കൽ ഏരിയാ പ്രസിഡന്റ് മണികണ്ഠൻ, പാറശാല ഏരിയാ ജനറൽ സെക്രട്ടറി സുബാഷ്, എസ്.സി മോർച്ച പരശുവയ്ക്കൽ ഏരിയാ വൈസ് പ്രസിഡന്റ് കൊറ്റാമം രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒപ്പു ശേഖരണവും മറ്റ് സമര പരിപാടികളും സംഘടിപ്പിച്ചത്.