
വിഴിഞ്ഞം: മകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസിൽ നിന്ന് ക്രൂരപീഢനം ഏറ്റ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ഡി.സി.പി അങ്കിത് അശോക് മുട്ടയ്ക്കാടുള്ള വീട്ടിലെത്തി. ഇന്നലെ വൈകിട്ട് 7 ഓടെയാണ് ഡി.സി.പി എത്തിയത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് പൊലീസിൽ നിന്നും നാട്ടുകാരിൽ നിന്നും ഏറ്റ ക്രൂരമായ പീഡനങ്ങൾ ബാലികയുടെ അമ്മ പറഞ്ഞു. ഒരു വർഷം മുൻപ് നടന്നതെങ്കിലും യഥാർത്ഥ പ്രതിയെ കണ്ടെത്തിയതിന്റെ സന്തോഷവും മാതാവ് പങ്കുവച്ചു. ഡി.സി.പി എല്ലാം കേട്ടിരുന്ന ശേഷം മാതാവിനെ ആശ്വസിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ മറന്ന് തുടർന്നുള്ള അന്വേഷണത്തിൽ പൂർണമായി സഹകരിക്കണമെന്ന് മാതാവിനോട് അഭ്യർത്ഥിച്ചു. എത്രയും വേഗം 2 കേസുകളും അന്വേഷിച്ച് ചാർജ്ജ് ഷീറ്റ് സമർപ്പിച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും സാങ്കേതിക പ്രശ്നങ്ങൾ കാരണവും തെളിവുകളുടെ അഭാവത്തിലും പ്രതികളെ കണ്ടെത്താൻ വൈകുകയായിരുന്നുവെന്നും ഡി.സി.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫോർട്ട് എ.സി എസ്. ഷാജി, കോവളം എസ്.എച്ച്.ഒ ജി. പ്രൈജു എന്നിവർ ഒപ്പമുണ്ടായിരുന്നു.