
പോത്തൻകോട്: വാവ സുരേഷ് സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ച് അഞ്ചുപേർക്ക് പരിക്ക്. പോത്തൻകോട് ഭാഗത്ത് നിന്ന് ശ്രീകാര്യത്തേയ്‌ക്ക് പോകുകയായിരുന്ന വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറും എസ്.എ.ടി ആശുപത്രിയിൽ നിന്ന് പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വന്ന കടയ്‌ക്കൽ സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ വാവ സുരേഷിന് മൂക്കിനും തലയ്‌ക്കും പരിക്കുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോത്തൻകോട് കാട്ടായിക്കോണം റോഡിൽ ചായമക്കാനി ഹോട്ടലിന് സമീപം ഇന്നലെ വൈകിട്ട് ഏഴിനായിരുന്നു അപകടം. ടിപ്പർ ലോറിയെ മറികടന്ന് വരുമ്പോഴാണ് കടയ്‌ക്കൽ സ്വദേശിയുടെ കാർ വാവ സുരേഷിന്റെ കാറിൽ ഇടിച്ചത്. കാർ വരുന്നതുകണ്ട് ഡ്രൈവർ ബ്രേക്കിട്ടെങ്കിലും എതിർദിശയിൽ വന്ന കാർ മുൻവശത്ത് ഇടിക്കുകയായിരുന്നു.
വാവ സുരേഷിനെ കൂടാതെ കാർ ഡ്രൈവർ ശ്രീകുമാറിനും പരിക്കേറ്റു. കടയ്ക്കൽ ചാറയം ചരുവിള പുത്തൻ വീട്ടിൽ സുനിത (45) മകൾ നീതു (19), നീതുവിന്റെ ഒമ്പതുദിവസം പ്രായമായ കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.