വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളിൽ വൈദ്യുതിമുടക്കം പതിവാകുന്നതായി പരാതി. മാസങ്ങളായി ഈ പ്രതിഭാസം തുടരുകയാണ്. മുന്നറിയിപ്പും, കാരണം കൂടാതെയും ഇടയ്ക്കിടക്ക് വൈദ്യുതി മുടങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അറ്റകുറ്റപണികളുടെയും മറ്റും മറവിൽ രാവിലെ മുതൽ വൈകിട്ട് വരെ വൈദ്യുതി വിച്ഛേദിക്കുന്നതുമൂലം നാട്ടുകാർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. വേനൽ മൂർച്ഛിച്ചതോടെ വൈദ്യുതി ഇല്ലാതെ കഴിയുവാൻ ബുദ്ധിമുട്ടാണ്. വൈദ്യുതി ഉപയോഗവും ഗണ്യമായി ഉയർന്നിട്ടുണ്ട്. പേരയത്തുപാറ, ചാരുപാറ, ചായം മേഖലകളിൽ അടുത്തിടെ നടന്ന പുതിയ ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ആഴ്ചയിൽ രണ്ടും മൂന്നും ദിവസം വരെ രാവിലെ മുതൽ വൈകിട്ട് വരെ വൈദ്യുതി വിതരണം നിലച്ചിരുന്നു. കരാർ എടുത്തിരുന്നവർ നിശ്ചിതസമയത്ത് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തതുമൂലമാണ് ഇവിടെ വൈദ്യുതിവിതരണം സുഗമമാക്കുവാൻ കഴിയാതെവന്നത്. ഇത് സംബന്ധിച്ച് അനവധി പരാതികളാണ് വിതുര ഇലക്ട്രിക്സിറ്റി ഓഫീസിൽ നാട്ടുകാർ നൽകിയത്. കാറ്റോ, മഴയോ വന്നാൽ ഉടൻ വൈദ്യുതി അപ്രത്യക്ഷമാകുന്ന അവസ്ഥയാണ് നിലവിൽ. പവർകട്ട് ഏർപ്പെടുത്തിയിട്ടില്ലെന്ന് അധികാരികൾ വ്യക്തമാക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ മറിച്ചാണെന്നാണ് നാട്ടുകാരുടെ പരാതി.

പരാതിക്ക് പരിഹാരമില്ല

വൈദ്യുതിവിതരണത്തിലെ അപാകത ചൂണ്ടിക്കാട്ടി വിതുര, തൊളിക്കോട് ഇലക്ട്രിസിറ്റി ഓഫീസുകളിൽ അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. പകലും, രാത്രിയിലുമായി നിരവധി തവണ വൈദ്യുതി മുടങ്ങുന്നത് വ്യാപാരിസമൂഹത്തിനും, വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ട് നേരിടുന്നതായും പറയുന്നു. വൈദ്യുതി മുടക്കത്തിന് പുറമേ ചിലമേഖലകളിൽ വോൾട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല വൈദ്യുതി വിതരണത്തിലെ വ്യതിയാനം മൂലം ഇലക്ട്രിക് ഉപകരണങ്ങളും മറ്റും കേടാകുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

കാരണം മരച്ചില്ലകൾ

കെ. ഫോൺ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും, അറ്റകുറ്റപണികൾ നടക്കുന്നതുമൂലവും, വനത്തിലൂടെ വൈദ്യുതിലൈൻ കടന്നുപോകുന്നതിനാൽ മരച്ചില്ലകളും മറ്റും ലൈനിൽവീണ് ട്രിപ്പ് ആകുന്നതും മൂലമാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്നാണ് വൈദ്യുതിവകുപ്പ് മേധാവികൾ വ്യക്തമാക്കുന്നത്.പകൽ മണിക്കൂറുകളോളം വൈദ്യുതിവിതരണം നിലക്കുന്നത് മൂലം സ്കൂളുകളുടേയും പ്രവർത്തനം തടസപ്പെടുന്നുണ്ട്. ഓൺലൈൻക്ലാസുകൾ മുടങ്ങുന്നതായി വ്യാപകമായി പരാതിയുണ്ട്.