 സ്റ്റേഷൻ ഡ്യൂട്ടി പ്രതിസന്ധിയിൽ

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലയിൽ പൊലീസുകാർക്കിടയിലും രോഗവ്യാപനം. സ്റ്റേഷൻ ഓഫീസറടക്കം കൊവിഡ് ബാധിച്ച് ക്വാറന്റൈനിൽ പോകേണ്ട സ്ഥിതിയായതോടെ പല സ്റ്റേഷനിലെയും പ്രവർത്തനം പ്രതിസന്ധിയിലായി.

സ്റ്റേഷൻ ഡ്യൂട്ടി ചെയ്യാൻ പൊലും വേണ്ടത്ര പൊലീസുകാരില്ലാത്ത അവസ്ഥയാണ്. കൂടുതൽ പൊലീസുകാർക്ക് രോഗം ബാധിച്ചതോടെ ഒരു ജി.ഡി ഓഫീസറും ഒരു പൊലീസുകാരനും മാത്രം സ്റ്റേഷൻ ഡ്യൂട്ടിക്കുള്ള സ്റ്റേഷനുകളുമുണ്ട്. 263 പൊലീസുകാർ കൊവിഡ് ബാധിതരായ ജില്ലയിൽ 600ന് മുകളിൽ പൊലീസുകാർ ക്വാറൻന്റൈനിലാണ്. നഗര പരിധിയിലുള്ള കന്റോൺമെന്റ് പൂന്തുറ, വലിയതുറ, വിഴിഞ്ഞം, മ്യൂസിയം, ശ്രീകാര്യം സ്റ്റേഷനുകളിൽ കൊവിഡ് വ്യാപനം കാരണം പരിശോധനയ്ക്കുള്ള വേണ്ടത്ര പൊലീസുകാരില്ല. ഗുണ്ടാവിളയാട്ടം തുടർക്കഥയാകുന്ന തലസ്ഥാനത്ത് പൊലീസുകാർക്ക് കൂട്ടത്തോടെ കൊവിഡ് വന്നതുകാരണം പട്രോളിംഗും വെല്ലുവിളിയാണ്. കൊവിഡ് ഡ്യൂട്ടിക്ക് പൊലീസുകാരെ നിയമിക്കുന്നതിൽ ക്രമീകരണം ഏർപ്പെടുത്തണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. കൊവിഡിന്റെ മൂന്നാംതരംഗത്തിൽ പൊലീസുകാർക്ക് വേണ്ടത്ര കൊവിഡ് പ്രതിരോധ സംവിധാനങ്ങൾ ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പല സ്റ്റേഷനുകളിലും ഹാൻഡ് സാനിറ്റൈസർ കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം പ്രവർത്തനരഹിതമാണ്.