
വക്കം: വക്കം ഗ്രാമ പഞ്ചായത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിൽ വികസന പ്രവർത്തനങ്ങൾ തുരങ്കം വെയ്ക്കുന്ന ഉദ്യോഗസ്ഥ-ഭരണ വിഭാഗങ്ങളുടെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ സെക്രട്ടറിയെ ഉപരോധിച്ചു. കാര്യാലയത്തിന് മുന്നിൽ ധർണ നടത്തുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ലാലിയുടെ നേതൃത്വത്തിൽ ജൂലി, ശാന്തമ്മ എന്നിവരാണ് പ്ലെ കാർഡുകളുമായി സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറി പ്രേം നിർമ്മലിനെ ഉപരോധിച്ചത്. പ്രതിപക്ഷ വാർഡ് അംഗങ്ങൾ നൽകുന്ന കത്തുകൾ ഭരണ സമിതി യോഗത്തിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധമെന്ന് സെക്രട്ടറിയെ സമരക്കാർ അറിയിച്ചു. തുടർന്ന് അംഗങ്ങൾ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി.