
കല്ലമ്പലം: മണ്ണിനും മനുഷ്യനും ഹാനികരമാകുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് എതിരെ പൊതുജനങ്ങളെ ഉൾപ്പെടുത്തി പരിസ്ഥിതി സൗഹൃദ ജനകീയ കാമ്പെയിനുമായി വാർഡ് മെമ്പർ. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ വാർഡിലാണ് 'എന്റെ വാർഡ് ഹരിതവാർഡ് ' എന്ന പേരിൽ വാർഡ് മെമ്പർ പൈവേലിക്കോണം ബിജുവിന്റെ നേതൃത്വത്തിൽ കാമ്പെയിൻ ആരംഭിച്ചത്. നൂറ് ദിവസം കൊണ്ട് പൊതു സ്ഥലങ്ങളിൽ നിന്നും വാർഡിലെ അറുന്നൂറോളം വീടുകളിൽ നിന്നുമുള്ള മുഴുവൻ പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ഹരിത വാർഡാക്കുകയാണ് ലക്ഷ്യം.
നാവായിക്കുളം പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ഇരുപത്തിയെട്ടാംമൈൽ ഉൾപ്പെടെ പൈവേലിക്കോണം, പന്തുവിള, വെട്ടിയറ, ഫാർമസി ജംഗ്ഷൻ, ആലുംകുന്ന് തുടങ്ങിയ ജംഗ്ഷനുകൾ ചേർന്നതാണ് വാർഡ്.
ഉദ്ഘാടനം ഇരുപത്തിയെട്ടാംമൈൽ മാർക്കറ്റ് ശുചീകരിച്ചുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു.എസ് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ കുമാർ.ജി, സുഗന്ധി, മുൻ പഞ്ചായത്തംഗം യമുന ബിജു, ഹരിത കർമ്മസേന ബ്ലോക്ക് ആർ.പി. രമ്യ, തൊഴിലുറപ്പ് എ.ഇ രാഹുൽ, വാർഡിലെ ഹരിത കർമ്മ സേനാഗംങ്ങളായ സുദേവൻ.ജി, സൗമിനി, അങ്കണവാടി ടീച്ചർ സുനിത.ജി, തൊഴിലുറപ്പ് കൺവീനർമാരായ രാധമ്മ, ജയശ്രീ, ആർ.ആർ.ടി അംഗം അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.