
തിരുവനന്തപുരം: കോയമ്പത്തൂരിലെ ആനവേട്ട, ആനക്കൊമ്പ് വ്യാപാരക്കേസിൽ തിരുവനന്തപുരം പേട്ട സ്വദേശി അജി ബ്രൈറ്റിനെ സി.ബി.ഐ ചെന്നൈ യൂണിറ്റ് രഹസ്യനീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പേട്ടയിൽ പാൽവിതരണത്തിനിടെ നാടകീയമായിട്ടായിരുന്നു അറസ്റ്റ്. വാഹനം തടഞ്ഞ് താക്കോൽ ഊരിയെടുത്ത് അജിയെ അറസ്റ്റ് ചെയ്ത ശേഷം സഹോദരനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. മുട്ടത്തറയിലെ സി.ബി.ഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തശേഷം ഇന്നലെ വൈകിട്ട് നാലിന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ കോയമ്പത്തൂർ സി.ജെ.എം കോടതിയിൽ ഹാജരാക്കും.
2011-12 ൽ കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റെന്ന് സി.ബി.ഐ അറിയിച്ചു. ആനവേട്ടയ്ക്ക് അഞ്ച് കേസുകളാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ ഉത്തരവു പ്രകാരം സി.ബി.ഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 18 ആനകളെ വേട്ടയാടി കൊലപ്പെടുത്തിയ ശേഷം കൊമ്പുകൾ കൊൽക്കത്തയിലേക്കും ഡൽഹിയിലേക്കും കടത്തിയെന്നാണ് കേസ്. വമ്പന്മാരടക്കം നിരവധി പേരെ സി.ബി.ഐ ഇതുവരെ പിടികൂടിയിട്ടുണ്ട്. സി.ബി.ഐ ചെന്നൈ യൂണിറ്റ് ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.