പാറശാല: നെയ്യാറ്റിൻകര താലൂക്കിലെ വിദ്യാഭ്യാസ തലസ്ഥാനമാണ് ധനുവച്ചപുരം. ധനുവച്ചപുരം എൻ.എസ്.എസ്.കോളേജ്, ഗവ.ഐ.ടി.ഐ, ഐ.എച്ച്.ആർ.ഡി.കോളേജ് എന്നിവ ഉൾപ്പെടുന്ന ഉന്നതതല, ശാസ്ത്രീയ, സാങ്കേതിക വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് പുറമെ ഹയ‌ർസെക്കൻഡറി ഹൈസ്‌കൂൾ ഉൾപ്പെടുന്ന മൂന്ന് സ്‌കൂളുകളും എൽ.പി, യു.പി സ്‌കൂളുകളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവിടെ എത്തുന്ന പുതിയ തലമുറയുടെ ഭാവിയെ തകർക്കുന്ന തരത്തിൽ ലഹരി മാഫിയാസംഘങ്ങളും ഇവിടെ വേരുറപ്പിക്കുകയാണ്. കഞ്ചാവ് ഗുണ്ടാമാഫിയാ സംഘങ്ങളുടെ കേന്ദ്രമായി മാറിയത് കൊണ്ടാവാം ലഹരി വസ്തുക്കളുടെ വിപണനവും ഗുണ്ടാ ആക്രമണങ്ങളും വീട് കയറി ആക്രമണങ്ങളും ഇവിടെ തുടർകഥയാവുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വസ്തുക്കളുടെ വിപണനം ആൺകുട്ടികളെയും പെൺകുട്ടികളെയും ലഹരിക്ക് അടിമകളാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് വയറുവേദന ഉണ്ടായ പെൺകുട്ടിയെ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ അസുഖകാരണം കഞ്ചാവിന്റെ ഉപയോഗമാണെന്ന് തെളിഞ്ഞിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾ അണികളെ കൂട്ടുന്നതിനായി അംഗങ്ങൾക്ക് ലഹരി വിളമ്പുന്നതും ഇവിടത്തെ പതിവായി മാറിയിട്ടുണ്ട്.

പേടിയോടെ നാട്ടുകാർ

ധനുവച്ചപുരം പരുത്തിവിള, നിരപ്പ്, പോസ്റ്റ് ഓഫീസ് പരിസരത്തെ ടാങ്ക്, ഐ.ടി.ഐ ജംഗ്‌ഷൻ തുടങ്ങിയ സ്ഥലങ്ങൾ ലഹരി മാഫിയാ സംഘങ്ങളുടെ വിപണന കേന്ദ്രങ്ങളാണ്. എന്നാൽ ലഹരി മാഫിയാ സംഘങ്ങളുടെ ഭീഷണി കാരണം ഇതിനെതിരെ പരാതിപ്പെടാൻ ആരും തയാറാകുന്നില്ല. പ്രദേശത്തെ നല്ലൊരു വിഭാഗം ചെറുപ്പക്കാരും ലഹരിക്ക് അടിമകളായതുകൊണ്ടാണ് ഇവിടെ സംഘർഷങ്ങളും വീട് കയറി ആക്രമണങ്ങളും പതിവാകുന്നത്.

നടപടി വേണം

മേഖലയിലെ ലഹരി മാഫിയാ സംഘങ്ങളുടെ പ്രവർത്തനങ്ങൾ പൊലീസിന് എന്നും തലവേദനയാണെങ്കിലും രാഷ്ട്രീയ ഇടപെടലുകൾ കാരണമാകാം പലതും കണ്ടില്ലെന്ന് നടക്കുന്നത്. എന്നാൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ട എക്‌സസൈസ്,​ പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ വേണ്ടതരത്തിൽ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.