തിരുവനന്തപുരം: രണ്ട് മാസത്തിനിടെ അഞ്ചുപെൺകുട്ടികൾ ആത്മഹത്യ ചെയ്‌ത പെരിങ്ങമ്മല ഇടിഞ്ഞാർ, കൊച്ചുവിള ആദിവാസി ഊരുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. അഞ്ച് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടും സർക്കാർ ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
അതീവ പരിഗണന അർഹിക്കുന്ന ഈ മേഖലയിൽ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. ആദിവാസി മേഖലയിൽ ലഹരിസംഘം പിടിമുറുക്കിയിരിക്കുകയാണ്. ആൺകുട്ടികളെ മാത്രമല്ല പെൺകുട്ടികളെയും ഇരകളാക്കുന്ന വലിയൊരു റാക്കറ്റ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പുറത്തുനിന്നുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഇവിടെയെത്തുന്നതും സംശയാസ്‌പദമാണ്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് സമഗ്രമായ അന്വേഷണമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആദിവാസികളുടെ ഉന്നമനത്തിനുള്ള പദ്ധതികളിലും സർക്കാർ രാഷ്ട്രീയം കലർത്തുകയാണ്. ആദിവാസി ക്ഷേമമല്ല ചൂഷണമാണ് ഭരണകൂടം നടത്തുന്നത്. മരിച്ച കുട്ടികളുടെ വീട്ടിൽപ്പോലും ട്രൈബൽ ഓഫീസർ ഉൾപ്പെടെ ഉത്തരവാദിത്വപ്പെട്ടവർ എത്തിയില്ലെന്നും മരിച്ച അഞ്ച് പെൺകുട്ടികളുടെ കുടുംബങ്ങൾക്കും സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടൂർ പ്രകാശ് എം.പി, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ജെബി മേത്തർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.എസ്. ശബരീനാഥൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.