വർക്കല: ആരോഗ്യമേഖലയിൽ നിസ്‌തുലസേവനം കാഴ്ചവച്ച ഗ്രേഡ് നഴ്സിംഗ് ഓഫീസർ സരിതയുടെ വേർപാട് നാടിനെ ദുഃഖത്തിലാഴ്‌ത്തി. വർക്കല പുത്തൻചന്ത വില്ല്വമംഗലം വീട്ടിൽ പരേതനായ പദ്നാഭൻ നായർ - സരസമ്മ ദമ്പതികളുടെ മകളായ സരിത ഇന്നലെ കൊവിഡ് ബാധിച്ചാണ് മരിച്ചത്.

എല്ലാവരുടെയും സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിത്വത്തിനുടമയായിരുന്നു സരിതയെന്നാണ് സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഡ്യൂട്ടിയുടെ കാര്യത്തിലും സരിത കൃത്യത പാലിച്ചിരുന്നു. 1995ൽ കൊല്ലം നായേഴ്സ് ആശുപത്രിയിൽ ജനറൽ നഴ്സിംഗിന് ചേർന്ന ആദ്യ ബാച്ചിലെ വിദ്യാർത്ഥിയാണ്. 1998ൽ പഠനം പൂർത്തിയാക്കിയ സരിത 2004 ഒക്ടോബർ രണ്ടിനാണ് ആരോഗ്യവകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നത്. നെയ്യാറ്റിൻകര താലൂക്കാശുപത്രിയിലായിരുന്നു ആദ്യ നിയമനം. 2013ൽ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. മൂന്നുവർഷത്തോളം വർക്കല ആശുപത്രിയിൽ സേവനമനുഷ്ഠിച്ച ശേഷം മണമ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റം ലഭിച്ചു. രണ്ടുവർഷം ഇവിടെ പ്രവർത്തിച്ച ശേഷം വീണ്ടും വർക്കല താലൂക്ക് ആശുപത്രിയിൽ മടങ്ങിയെത്തി.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടേഷന്റെ ഭാഗമായി ഇക്കഴിഞ്ഞ എട്ടിനാണ് കല്ലറ സി.എഫ്.എൽ.ടി.സിയിൽ സരിത ജോലിക്കെത്തിയത്. ഒരു ദിവസം രണ്ട് ഡ്യൂട്ടി ഒരുമിച്ച് ചെയ്‌തശേഷമാണ് സരിത വീട്ടിലേക്ക് മടങ്ങുന്നത്. 17ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ തൊണ്ടവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ വീട്ടിൽ കഴിയുകയായിരുന്നു. ഏറെനാളുകൾക്ക് മുമ്പ് സരിത തൈറോയ്ഡ് ശസ്ത്രക്രിയയ്‌ക്ക് വിധേയയായിരുന്നു.

ഭർത്താവ് വിദേശത്തായതിനാൽ മക്കളായ അർദ്ധനയ്‌ക്കും അനന്ദകൃഷ്‌ണനുമൊപ്പമായിരുന്നു സരിത താമസിച്ചിരുന്നത്. ഇന്നലെ രാവിലെ 7.45ന് മകൻ അനന്ദകൃഷ്ണൻ വിളിച്ചിട്ടും സരിത എണീറ്റില്ല. ഉറങ്ങുകയാണെന്ന് കരുതി മകൻ അടുക്കളയിലെത്തി ചായ ഇട്ടശേഷം വീണ്ടുമെത്തി വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. ഉടൻതന്നെ സമീപത്ത് താമസിക്കുന്ന സരിതയുടെ ഭർത്തൃമാതാവ് ലീലാ ദേവിയെയും ബന്ധുക്കളെയും വിവരമറിയിച്ചതിനെ തുടർന്ന് ഇവരെത്തി ആംബുലൻസിൽ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം വീട്ടിൽവച്ച് തന്നെ സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്‌ക്കായി സാമ്പിൾ അയച്ചിട്ടുണ്ട്. ദുബായിൽ ജോലിചെയ്യുന്ന ഭർത്താവ് യേശുമണി (ഷാജി) ഇന്ന് നാട്ടിലെത്തിയശേഷം സംസ്‌കാരച്ചടങ്ങുകൾ നടക്കും.

ആരോഗ്യമേഖലയ്ക്ക് തീരാനഷ്ടം:

ഡോ. ബിജു നെൽസൺ

മികച്ച ആരോഗ്യ പ്രവർത്തകയെയാണ് നഷ്ടപ്പെട്ടതെന്ന് വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെൽസൺ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സരിത താലൂക്ക് ആശുപത്രിയിലെ ലേബർ റൂമിൽ മികച്ച സേവനമാണ് നിർവഹിച്ചിരുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.