
മലയിൻകീഴ്: മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും മന്ദിരം എപ്പോൾ പൂർത്തിയാകുമെന്ന് ആർക്കും ഒരെത്തുംപിടിയുമില്ല. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വക കെട്ടിടത്തിൽ വാടക നൽകാതെ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 22 വർഷമായി. പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് 2019 ഫെബ്രുവരി 19നാണ് പുതിയ മന്ദിരം നിർമ്മിക്കുന്നതിന് തറക്കല്ലിട്ടത്. ഗവൺമെന്റ് പ്ലാൻ ഫണ്ടിൽ നിന്ന് 1.9 കോടി രൂപ വിനിയോഗിച്ച് ഇരുനില മന്ദിരമാണ് മലയിൻകീഴ് ആനപ്പാറ ഗസ്റ്റ് ഹൗസിന് സമീപം സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം നിർമ്മിക്കുന്നത്. 2020 ഫെബ്രുവരിയിൽ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കി നൽകുമെന്നായിരുന്നു കരാറുകാരൻ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി കൂറ്റൻ പാറ നീക്കം ചെയ്യേണ്ടിവന്നതാണ് പ്രവർത്തനത്തിന് വേഗത കുറയാനുള്ള കാരണം. ഇരുനിലയും കോൺക്രീറ്റ് ചെയ്തിടുക മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. ഇനി ശേഷിക്കുന്ന ജോലികൾ എന്ന് പൂർത്തിയാക്കാനാകുമെന്ന് ആർക്കും വ്യക്തമായ മറുപടിയില്ല. ഇപ്പോഴും സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത് യാതൊരു സൗകര്യവുമില്ലാതെയാണ്. നിർമ്മാണത്തിലിരിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് അടിയന്തരമായി ജനങ്ങൾക്ക് പ്രയോജപ്പെടുംവിധം നവീകരിക്കണമെന്നതാണ് പൊതുവിലുള്ള ആവശ്യം.
സബ് രജിസ്ട്രാർ ഓഫീസിന് മന്ദിരനിർമ്മാണത്തിന്റെ ചരിത്രമിങ്ങനെ :
മലയിൻകീഴ് ഗവ. കോളേജ്, സ്കൂളുകൾ, ഗവ.ഐ.ടി.ഐ എന്നിവ പ്രവർത്തിക്കുന്നതിന് സമീപത്തായി മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സബ് രജിസ്ട്രാർ ഓഫീസിന് മന്ദിരനിർമ്മാണത്തിന് സ്ഥലം വാങ്ങി നൽകിയെങ്കിലും അനുയോജ്യമല്ലെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ അന്ന് നടക്കാതെപോയത്. ഗ്രാമപഞ്ചായത്തിന് തുടക്കത്തിൽ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് വാടക നൽകിയിരുന്നെങ്കിലും 2006ലെ ഇടതുപക്ഷ ഭരണസമിതി വാടക ഒഴിവാക്കിയിരുന്നു.മലയിൻകീഴ് പഞ്ചായത്ത് ഓഫീസ് മന്ദിരത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിൽ സ്ഥലസൗകര്യമില്ലെന്ന പരാതി വ്യാപകമായപ്പോഴാണ് സ്വന്തം മന്ദിരത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ രജിസ്ട്രേഷൻ ഐ.ജി നിർദ്ദേശിക്കുന്നത്. 2005 ലെ പഞ്ചായത്ത് ഭരണസമിതി മലയിൻകീഴ് വില്ലേജ് ഓഫീസ് വളപ്പിൽ മിച്ചമുള്ള റവന്യൂ ഭൂമി സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം നിർമ്മിക്കാൻ നൽകണമെന്ന് തീരുമാനിച്ചിരുന്നു.
** സ്ഥലത്തിനും തർക്കം
റവന്യൂ ഭൂമിയിൽ ഓഫീസ് നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും അന്നത്തെ വില്ലേജ് ഓഫീസർ നെയ്യാറ്റിൻകര തഹസീൽദാർക്ക് നൽകിയ റിപ്പോർട്ടിൽ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നിടത്ത് 12.5 സെന്റ് സ്ഥലമേയുള്ളൂവെന്നാണ്. എന്നാൽ ആ വസ്തുവിൽ 35 സെന്റ് ഉണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി ചുണ്ടിക്കാട്ടിയെങ്കിലും സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം അവിടെ നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല. വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ ഒരു കെട്ടിടം കൂടി പണിയാൻ സ്ഥലമില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
**നിർമ്മാണം അവതാളത്തിൽ
2006 ലെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് മലയിൻകീഴ് ഗസ്റ്റ് ഹൗസിന് സമീപത്ത് സ്ഥലം കണ്ടെത്തിയത്. 14 സെന്റിൽ ഏഴ് സെന്റാണ് ഗ്രാമപഞ്ചായത്ത് നൽകിയിട്ടുള്ളത്. സബ് രജിസ്ട്രാർ ഓഫീസിന് 2006 ഒക്ടോബർ 11ന് ജില്ലാ രജിസ്ട്രാറും അംഗീകാരം നൽകിയിരുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്തിന് കത്തുമയച്ചു. പഞ്ചായത്ത് ഭരണം മാറിയതോടെ സബ് രജിസ്ട്രാർ ഓഫീസ് മന്ദിര നിർമ്മാണം അവതാളത്തിലായി. മലയിൻകീഴ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നിടത്ത് കണ്ടെത്തിയിരിക്കുന്ന സ്ഥലത്തെ സംബന്ധിച്ച് നേരത്തെ വിവാദമുയർന്നെങ്കിലും ക്രമേണ ഇല്ലാതാവുകയായിരുന്നു.
**മുട്ടാത്തർക്കങ്ങൾ മുറപോലെ
മലയിൻകീഴിലെ വ്യാപാരി വ്യവസായികളെ ബാധിക്കും, ആളൊഴിഞ്ഞ ഉയർന്ന പ്രദേശം ജനങ്ങൾക്ക് വന്നുപോകാനുള്ള ബസ് സൗകര്യമില്ല, ഭക്ഷണം കഴിയ്കണമെങ്കിൽ മലയിൻകീഴ് ജംഗ്ഷനിൽ വരണം എന്നിങ്ങനെയായിരുന്നു നിർദ്ദിഷ്ട സബ് രജിസ്ട്രാർ ഒാഫീസ് മന്ദിരം നിർമ്മിക്കുന്ന സ്ഥലത്തെ സംബന്ധിച്ചുള്ള മുട്ടാത്തർക്കങ്ങൾ.