വിതുര: മലയോരമേഖലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയർന്നു. മിക്ക പഞ്ചായത്തുകളിലും കൊവിഡ് താണ്ഡവമാടുകയാണ്. ആദിവാസി ഊരുകളിലേക്കും, തോട്ടം മേഖലകളിലേക്കും രോഗം പടർന്നിട്ടുണ്ട്. ഒരിക്കൽ രോഗം ബാധിച്ചവർക്ക് വീണ്ടും കൊവിഡ് പിടികൂടുന്ന സ്ഥിതിവിശേഷമാണ് നിലവിൽ. പ്രതിരോധപ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ഒരുവശത്ത് നടക്കുന്നുണ്ടെങ്കിലും രോഗവ്യാപനം അതിരൂക്ഷമാവുകയാണ്. അരുവിക്കര നിയോജകമണ്ഡലത്തിലെ വിതുര, തൊളിക്കോട്, ഉഴമലയ്ക്കൽ, കുറ്റിച്ചൽ, പൂവച്ചൽ, ആര്യനാട്, വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളിൽ രോഗബാധിതരുടെ എണ്ണം അനുദിനം ഉയർന്നുകൊണ്ടിരിക്കുകയാണ്. പരിശോധനക്ക് എത്തുന്നവരിൽ ഭൂരിഭാഗം പേർക്കും രോഗം സ്ഥിരീകരിക്കുന്നു. നെടുമങ്ങാട് താലൂക്കിലെ പ്രധാന ആശുപത്രികളുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ട് തവണ ആന്റിജൻ ടെസ്റ്റ് ക്യാമ്പുകൾ നടത്തുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർപോലും ഇവിടെ എത്തുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പിന്റെയും, പൊലീസിന്റെയും സഹകരണത്തോടെ പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എസ്.ബാബുരാജ്, വി.ജെ.സുരേഷ്, വി.വിജുമോഹൻ, ഷൈലജാരാജീവൻ, മടത്തറ ഷിനു എന്നിവർ അറിയിച്ചു.
രോഗം ബാധിച്ചാൽ സ്വയം ചികിത്സ
വിതുര പഞ്ചായത്തിൽ മാത്രം ഒരാഴ്ചയ്ക്കിടെ നൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമീപത്തുള്ള തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല, ആര്യനാട്, ആനാട് പഞ്ചായത്തുകളിലും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. എന്നാൽ രോഗം ബാധിച്ച അനവധി പേർ ടെസ്റ്റിന് എത്താത്തത് പ്രതിരോധപ്രർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്. രോഗം ബാധിച്ചവർ സ്വയം ചികിത്സ നടത്തുകയും, പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നതായും വ്യാപകമായി പരാതിയുണ്ട്.
ഒപ്പം കൂടി ഒമിക്രോണും
വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി അടച്ചെങ്കിലും വിതുര മേഖലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിൽ ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്. ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടാനാണ് സാദ്ധ്യത. നേരത്തേ തൊളിക്കോട് പഞ്ചായത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.
മുൻപ് ആരോഗ്യപ്രവർത്തകരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ കർശന പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ രോഗവ്യാപനം രൂക്ഷമായിട്ടും പഴയതുപോലെ പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പൊലീസ് സ്റ്രേഷനിലും കൊവിഡ്
പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ട പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ കൊവിഡിന്റെ പിടിയിലാണ്.
വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ഒരാഴ്ചക്കിടെ എസ്.ഐ എസ്.എൽ. സുധീഷ് ഉൾപ്പെടെ ആറ് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം പടരുന്നതുമൂലം പരിശോധനകൾ നടത്താൻ വേണ്ടത്ര പൊലീസുകാർ ഇല്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ വർഷവും സ്റ്റേഷനിൽ എസ്.ഐ അടക്കം പത്തോളം പൊലീസുകാർക്ക് കൊവിഡ് പിടികൂടിയിരുന്നു. അരുവിക്കര എം.എൽഎ ജി.സ്റ്റീഫനും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ്.