 കസ്റ്റംസ് ലൈസൻസ് വൈകാതെ ലഭിക്കും
 രാജ്യാന്തര യാത്രക്കാർ വർദ്ധിക്കുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: വിമാനത്താവളത്തിൽ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് സൂചന നൽകി അദാനി ഗ്രൂപ്പ് അധികൃതർ. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലെമിംഗ് വേയുമായി ചേർന്നാണ് ഷോപ്പ് തുറക്കുന്നത്. ഫ്ലെമിംഗ് വേ കമ്പനിയുടെ 75 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിക്കഴിഞ്ഞു. വിശാലമായ ഒന്നിലധികം ഷോപ്പുകൾ ആരംഭിക്കാനാണ് ആലോചന. നേരത്തെ ജനുവരി ആദ‍്യവാരത്തിൽ ഡ‍്യൂട്ടി ഫ്രീ ഷോപ്പ് തുറക്കുമെന്നായിരുന്നു വിവരം. എന്നാൽ,കസ്റ്റംസിൽ നിന്ന്​ ലൈസൻസ് കിട്ടുന്നതിനുള്ള കാലതാമസമാണ് വിലങ്ങുതടിയായത്.

നിലവിൽ പൂട്ടിക്കിടക്കുന്ന പഴയ ഡ‍്യൂട്ടി ഫ്രീഷോപ്പിന് സമീപത്തായി പുതിയ ഷോപ്പ് ആരംഭിക്കാൻ സ്ഥലം ക​​ണ്ടെത്തിയിട്ടുണ്ട്​. പഴയ ഡ‍്യൂട്ടി ഫ്രീ ഷോപ്പ് സംബന്ധിച്ച കേസ് കോടതിയിലുള്ളത് കാരണം ഇവിടെ പുതിയത്​ തുറക്കാൻ കഴിയില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കണമെന്നത് രാജ്യാന്തര യാത്രക്കാരുടെ ഏറെക്കാലമായുളള ആവശ്യമായിരുന്നു. ഷോപ്പുകൾ തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നും വരുമാനം ഉയരുമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ കണക്കുകൂട്ടൽ. 2018 മുതൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് അടഞ്ഞുകിടക്കുകയാണ്.

മദ്യം മറിച്ചുവിറ്റ് പൂട്ട് വീണു

എയർപോർട്ട് അതോറിട്ടിയുടെ കീഴിൽ തിരുവനന്തപുരം വിമാനത്താവളം പ്രവർത്തിച്ചിരുന്നപ്പോൾ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്ന പ്ലസ് മാക്സ് കമ്പനി വലിയതോതിൽ വിദേശമദ്യം പുറത്തേക്ക് മറിച്ചുവിറ്റത്​ വിവാദമായിരുന്നു. തുടർന്നാണ് കസ്റ്റംസ് വർഷങ്ങൾക്ക് മുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടിച്ചത്. കമ്പനി സി.ഇ.ഒയേയും ജീവനക്കാരേയും അറസ്റ്റ് ചെയ്‌തിരുന്നു. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ പാസ്​പോർട്ട് കോപ്പികൾ ഉപയോഗിച്ച് വാങ്ങിയതായി രേഖയുണ്ടാക്കിയാണ് മദ്യം ഇടനിലക്കാർ വഴി പുറത്തേക്ക് മറിച്ചുവിറ്റത്. ആറ് കോടിയുടെ ക്രമക്കേടാണ്​ അന്ന് കണ്ടെത്തിയത്. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ പരിശോധന നടത്താൻ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഷോപ്പിലെ ജീവനക്കാർ മർദ്ദിച്ചെന്ന പരാതിയും ഉയർന്നിരുന്നു.