cabinet

 കൊവിഡ് വ്യാപനം വിലയിരുത്തി ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: ഓൺലൈൻ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കവേ സ്ക്രീനിൽ അമേരിക്കയിലുള്ള മുഖ്യമന്ത്രിയുടെ മുഖം തെളിഞ്ഞപ്പോഴേ മന്ത്രിമാർ ഒന്നിച്ചു ചോദിച്ചു: "ആരോഗ്യമെങ്ങനെയുണ്ട്?"

ഉന്മേഷവാനായിരുന്ന മുഖ്യമന്ത്രി വിശാലമായൊന്ന് ചിരിച്ചു. " ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല. സുഖമായിരിക്കുന്നു. "

അവിടെ പുറത്ത് മൈനസ് ഡിഗ്രി തണുപ്പാണെങ്കിലും ആശുപത്രി മുറിക്കുള്ളിൽ ചൂട് ക്രമീകരിച്ചിരുന്നതിനാൽ അകത്ത് തണുപ്പറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യൻ സമയം രാവിലെ 9.30 ആയിരുന്നു ഓൺലൈൻ മന്ത്രിസഭായോഗം. അമേരിക്കയിൽ രാത്രി 10 മണി. അര മണിക്കൂർ നേരമെടുത്ത യോഗം കുറച്ച് അജൻഡകളേ പരിഗണിച്ചുള്ളൂ.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടി വരുന്നതിലെ ആശങ്കകൾ യോഗം വിലയിരുത്തി. നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്ന വിലയിരുത്തലാണ് യോഗത്തിൽ പൊതുവെ ഉണ്ടായത്. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അവരവരുടെ ജില്ലയിലെ കൊവിഡ് സ്ഥിതിവിവരക്കണക്കുകളും മറ്റും യോഗത്തിൽ വിശദീകരിച്ചു.

രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കുറവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആശുപത്രികളെല്ലാം സജ്ജമാണെന്നും വെന്റിലേറ്റർ, ഓക്സിജൻ സൗകര്യങ്ങൾ തൃപ്തികരമാണെന്നും അറിയിച്ചു. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയോ മറ്റ് ഗുരുതരപ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യുമ്പോൾ മാത്രമാണിപ്പോൾ കൊവിഡ് ബാധിതർ ആശുപത്രിയിലെത്തുന്നതെന്നും വ്യക്തമാക്കി.

എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. നിയന്ത്രണങ്ങളും മറ്റും കൊവിഡ് ‌അവലോകന യോഗത്തിൽ ചർച്ചചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏതെല്ലാം മേഖലകളിൽ നിയന്ത്രണം വേണം, ഏതു രീതിയിലാകണം എന്നിവയെല്ലാം ഇന്ന് വൈകിട്ട് 5ന് ചേരുന്ന അവലോകന യോഗം തീരുമാനിക്കും.

 ലോക്ഡൗണിന് സാദ്ധ്യതയില്ല

നിയന്ത്രണങ്ങൾ കടുപ്പിക്കുമെങ്കിലും സമ്പൂർണ ലോക്ഡൗണിന് ഇന്നത്തെ യോഗം തീരുമാനിക്കില്ലെന്നാണ് സൂചന. നൈറ്റ് കർഫ്യു, വാരാന്ത്യ ലോക്ക്ഡൗൺ, കോളേജുകൾ അടച്ചിടൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചയിൽ വരും. കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് തടയാനുള്ള കർശനനടപടികളും യോഗം ചർച്ച ചെയ്യും.