
വർക്കല: കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ പുത്തൻചന്ത വില്വമംഗലം വീട്ടിൽ പി.എസ്. സരിതയ്‌ക്ക് അന്ത്യാഞ്ജലി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഇന്നലെ രാവിലെ 8.30ഓടെ താലൂക്ക് ആശുപത്രി അങ്കണത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സഹപ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
വി. ജോയി എം.എൽ.എ, നഗരസഭാ ചെയർമാൻ കെ.എം. ലാജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ജോസ് ഡിക്രൂസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുകേഷ്, താലൂക്ക് ഹോസ്‌പിറ്റൽ സൂപ്രണ്ട് ബിജു നെൽസൻ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, ഹോസ്‌പിറ്റൽ ജീവനക്കാർ, കൗൺസിലർമാർ, വിവിധ സംഘടനാ പ്രവർത്തകരും നേതാക്കളും താലൂക്ക് ആശുപത്രിയിലും സരിതയുടെ വീട്ടിലുമെത്തി അന്തിമോപചാരം അർപ്പിച്ചു.