
തിരുവനന്തപുരം: വാട്ടർ അതോറിട്ടി അരുവിക്കര ഹെഡ് ഓഫീസിന് കീഴിലെ നെടുമങ്ങാട് സബ് ഡിവിഷനിൽ ജലജീവൻ മിഷന്റെ പേരിൽ ടെൻഡർ ക്ഷണിക്കാതെ കരാർ നൽകുന്നത് സംബന്ധിച്ച ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും തമ്മിൽ ഒത്തുകളിച്ച് ടെൻഡർ വിളിക്കാതെ ക്വട്ടേഷൻ നൽകി ക്രമക്കേട് നടത്തുന്നതായി കേരളകൗമുദി ചൊവ്വാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇന്നലെ നാലംഗ വിജിലൻസ് സംഘം സബ് ഡിവിഷൻ ഓഫീസിലെത്തി രജിസ്‌റ്ററുകളും മറ്റ് ഫയലുകളും പരിശോധിച്ചു. പരിശോധന ഉച്ചവരെ നീണ്ടു. ആരോപണവിധേയരായ നെടുമങ്ങാട് സബ് ഡിവിഷനിലെ അസി.എക്‌സിക്യുട്ടീവ് എൻജിനിയറും ഹെഡ്‌വർക്ക് ഡിവിഷനിലെ ഉദ്യോഗസ്ഥയും അവധിയിലാണെന്നാണ് സൂചന. സബ് ഡിവിഷൻ ഓഫീസിലെ കോൺട്രാക്ടർമാരുടെ വിവരങ്ങളും വിജിലൻസ് സംഘം ശേഖരിച്ചു. ചില ഡെപ്പോസിറ്റ് വർക്കിന്റെ തുക ടെൻഡർ ക്ഷണിക്കാതെ പൂർണമായി ക്വട്ടേഷനിൽ ചെയ്‌തതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
തങ്ങളും ജീവിക്കാൻ വേണ്ടിയാണ് കരാർ എടുക്കുന്നതെന്നും ക്രമക്കേടുകൾക്കെതിരെ കർശന നടപടി വേണമെന്നും കരാറുകാർ വിജിലൻസിനോട് ആവശ്യപ്പെട്ടു. ഡെപ്പോസിറ്റ് വർക്കുകൾ വീതംവച്ചെടുക്കുന്ന രീതിയാണുള്ളതെന്നും കോൺട്രാക്ടർമാർ പരാതിപ്പെട്ടു. കോൺട്രാക്ടർമാരുടെ മൊഴി വിജിലൻസ് ഉടൻ വിശദമായി രേഖപ്പെടുത്തും.
ജലജീവൻ മിഷൻ പദ്ധതി പ്രകാരം അത്യാവശ്യഘട്ടങ്ങളിൽ മൂന്നുലക്ഷം രൂപ വരെയുള്ള പണികൾക്ക് അനുമതി നൽകാൻ അസിസ്‌റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർക്കുള്ള അധികാരത്തിന്റെ മറവിലാണ് ക്രമക്കേട് നടക്കുന്നത്.