dyfi

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ കോൺഗ്രസിനെ പിച്ചാത്തി കേഡർ പാർട്ടിയാക്കിയെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌. സതീഷും സെക്രട്ടറി വി.കെ. സനോജും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കൊലപാതകികളെ ന്യായീകരിക്കുന്നത്‌ കോൺഗ്രസിന്റെ നയമാണോ എന്നത്‌ മുതിർന്ന നേതാക്കൾ വ്യക്തമാക്കണം.
ഇടുക്കിയിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായ ധീരജിനെ കുത്തിക്കൊന്നത്‌ കാമ്പസിന്‌ പുറത്തുനിന്നെത്തിയ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലാണെന്ന്‌ തെളിഞ്ഞിട്ടും കൊലപാതകികളെ തള്ളിപ്പറഞ്ഞില്ല. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർത്ത്‌ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താമെന്ന സുധാകരന്റെ കണക്കുകൂട്ടൽ നടക്കില്ല. രക്തസാക്ഷി ദിനമായ 30ന്‌ മേഖലാ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്‌.ഐ ഗാന്ധി സ്‌മൃതി സംഘടിപ്പിക്കും. കൊവിഡിനെ പ്രതിരോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ഡി.വൈ.എഫ്‌.ഐ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം. വിജിൻ എം.എൽ.എയും പങ്കെടുത്തു.