കാട്ടാക്കട: പി.ഡബ്ല്യൂ.ഡി റോഡിന്റെ വശങ്ങളിൽ അനധികൃതമായി തടികളുടെയും വാഹനങ്ങളുടെയും നിക്ഷേപം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇതുകാരണം ഏറെ ബുദ്ധിമുട്ടുന്നത് ഇതുവഴിയുള്ള യാത്രക്കാരണ്. ഇവിടെ അപകടങ്ങളും തുടർക്കഥയാകുന്നു. കാലാവധി കഴിഞ്ഞതും നിരത്തിലോടാൻ കഴിയാത്തതുമായ വാഹനങ്ങൾ, കരിങ്കൽ, വിദൂരങ്ങളിലേയ്ക്ക് കൊണ്ടുപോകാൻ കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ തടിക്കൂനകൾ എന്നിവ പ്രധാന റോഡുവക്കുകളിൽ കുന്നുകൂടുകയാണ്.

ഇതുകാരണം റോഡിലൂടെ ഓടുന്ന ചെറുതും വലുതുമായ വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. മലയോര ഹൈവേ ഉൾപ്പടെയുള്ള പി.ഡബ്ലിയു.ഡി റോഡുളിൽ ഇത്തരം നിക്ഷേപങ്ങൾ അപകടങ്ങൾക്കും‍ ഗതാഗതകുരുക്കിനും ഇടയാക്കുന്നു. അതുപോലെ ഗ്രാമീണ മേഖലവകളിലെ പ്രധാന റോഡുകളിലെ പുറംപോക്കുകളിൽ അനധികൃത വാഴ, മരിച്ചീനി കൃഷികളും വ്യാപകമായിട്ടുണ്ട്. ഇത്തരം റോഡ് കയ്യേറ്റങ്ങൾക്കെതിരെ വ്യാപകമായ തോതിൽ പരാതികൾ ഉയർന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.

** നടപടി മാത്രമില്ല

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്ത രണ്ട് യുവാക്കളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയത് റോഡുവക്കിലെ തടി കൂനകളാണ്. പരുത്തിപ്പള്ളി പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികൾ തടികൾ വാങ്ങി ഈ റോഡ് വക്കിലെത്തിച്ചാണ് വലിയ വാഹനങ്ങളിൽ കയറ്റിപ്പോകുന്നത്. ഇത്തരത്തിൽ ഈ പ്രദേശങ്ങളിൽ മാസങ്ങളോളമാണ് തടികൾ റോഡിൽ കിടക്കുന്നത്. അനുമതി വാങ്ങിയശേഷം വാഹനങ്ങൾ പൊളിക്കുന്ന സംഘങ്ങൾക്ക് കൈമാറുന്ന വാഹനങ്ങളും പൊലീസ് പിടികൂടുന്ന വാഹനങ്ങളും ഉൾപ്പടെ നൂറുകണക്കിനാണ് റോഡുവക്കുകളിൽ കിടക്കുന്നത്. പൊളിക്കാൻ അനുമതി നൽകിയ വാഹനങ്ങൾ നിരവധി റോഡുകളിൽ ഓടുന്നതായും ക്രിമിനൽ സംഘമാണ് ഇത്തരത്തിലുള്ള വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതെന്നും പരാതി ഉയർന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

** അപകടങ്ങളും പതിവ്
പൊളിക്കാനായി അനുമതി നൽകിയ വാഹനങ്ങൾ റോഡരികുകളിൽ സ്ഥാനം പിടിച്ചതോടെ കാട്ടാക്കട കിള്ളി പ്രദേശത്ത് അപകടങ്ങളും രൂക്ഷമായി. കഷ്ടിച്ച് രണ്ട് വാഹനങ്ങൾ കടന്നുപോകാൻ തക്ക വീതിയുള്ള റോഡുകളിൽ പോലും ഇത്തരം വാഹനങ്ങൾ നിരത്തിയിട്ടിരിക്കുകയാണ്. ത്തരത്തിൽ റോഡുവക്കിൽ ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങളിൽ ലഹരി വസ്തുക്കൾ വ്യാപകമായി സൂക്ഷിക്കുന്നതായും പരാതിയുണ്ട്.

***തടസം നീക്കണം

പൊളിക്കാനായി അനുമതിവാങ്ങിയ ശേഷം വാഹനങ്ങൾ പൊളിച്ചുമാറ്റിയോ എന്ന് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതരും മിനക്കെടാറില്ലെന്നാണ് ആക്ഷേപം. ഇതോടെ നിരത്തിലോടാൻ കഴിയാത്ത വാഹനങ്ങളുടെ ശവപറമ്പായി തീർന്നിരിക്കുകയാണ് പലപ്രദേശങ്ങളും.
കെട്ടിട നിർമ്മാണങ്ങൾക്കും മറ്റുമായി വ്യാപകമായ തോതിൽ പാറകളും മണ്ണും റോഡുവക്കിൽ കൊണ്ടിടുന്നതും ഏറിവരുന്നുണ്ട്. ഇത്തരത്തിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്ന തടസങ്ങൾ നീക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.