വെള്ളറട: ആര്യങ്കോട് പൊലീസ് സ്റ്റേഷനിൽ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. വാഴിച്ചൽ കന്തളക്കോട് വെളിയന്നൂർ കിഴക്കേക്കര വീട്ടിൽ അനന്തു (21), കാട്ടാക്കട ചൂണ്ടുപലക വനറത്തല കിഴക്കേക്കര വീട്ടിൽ നിഥിൻ (19) എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ ആര്യങ്കോട് പൊലീസ് പിടികൂടിയത്.
ചെമ്പൂര് സ്‌കൂളിൽ പ്ളസ്ടു വിദ്യാർത്ഥിയെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തിൽ അനന്തുവിന്റെ വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അനന്തുവും നിഥിനും ബൈക്കിലെത്തി ബിയർ കുപ്പികളിൽ പെട്രോൾ നിറച്ച് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. കഞ്ചാവ് ലോബിയുമായി അടുത്ത ബന്ധമുള്ള പ്രതികൾ ആക്രമണം നടത്തുമ്പോൾ കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവശേഷം ലഭിച്ച സി.സി ടിവി ദൃശ്യങ്ങളിലുള്ളത് ഇവരാണെന്ന് മനസിലാക്കിയതോടെ പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. പിടിയിലായ പ്രതികൾക്കെതിരെ മാറനല്ലൂർ, നെയ്യാർഡാം സ്റ്റേഷൻ ആക്രമണക്കേസുകളും കഞ്ചാവ് കടത്തൽ, അടിപിടിക്കേസുകളും നിലവിലുണ്ട്. പ്രതികളെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. പ്ളസ്ടു വിദ്യാർത്ഥിയെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതിയായ വാഴിച്ചൽ സ്വദേശി ശ്രീജിത്തിനുവേണ്ടിയും തെരച്ചൽ ശക്തമാക്കിട്ടുണ്ട്. ശ്രീജിത്തിന്റെ വീട്ടിന്റെ മുകളിൽ കഞ്ചാവ് ചെടികൾ കൃഷിചെയ്‌തിരുന്നതായി പൊലീസ് കണ്ടെത്തി.