
ആറ്റിങ്ങൽ: ഖോ ഖോ സംസ്ഥാന ടീം മുൻ ക്യാപ്ടനും നടനും സമാന്തര സ്ഥാപന പ്രിൻസിപ്പലുമായ കുടവൂർ കുഞ്ചുവീട് ലീലാ ഭവനിൽ കെ. ഹരിദാസൻ നായരുടെ (56) അകാല നിര്യാണത്തിൽ നാടിന്റെ വിങ്ങൽ ഒടുങ്ങുന്നില്ല. വലിയൊരു സുഹൃദ് വലയവും അദ്ധ്യാപക പരിവേഷമില്ലാതെയുള്ള വിദ്യാർത്ഥി സൗഹൃദവുമായിരുന്നു അവിവാഹിതനായ ഹരിയുടെ സ്വത്ത്. കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം 17 നാണ് മരിച്ചത്. അന്ത്യോപചാരം അർപ്പിക്കാൻ നിരവധി പ്രമുഖരും വിദ്യാർത്ഥികളും എത്തിയിരുന്നു.
ഖോ - ഖോ ദേശീയ താരം, മികച്ച കബഡി താരം, വോളീബാൾ താരം, അത്‌ലറ്റ് എന്നീ നിലകളിൽ കായികരംഗത്ത് ഒരുകാലത്ത് ഏറെ പ്രതീക്ഷ നൽകിയ ഹരി പിന്നീട് നടനായും അദ്ധ്യാപകനായും ചുവടുമാറ്റുകയായിരുന്നു. നിരവധി അമച്വർ നാടകങ്ങളിൽ കഥാപാത്രമായി പകർന്നാടി. ഇതിൽ ആറ്റിങ്ങൽ കലാപത്തെ അടിസ്ഥാനമാക്കി വിജയൻ പാലാഴി രചിച്ച അമര ഗീതം എന്ന നാടകത്തിൽ കാര്യസ്ഥൻ കേശവപിള്ളയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചൊൽക്കാഴ്ച കലാകാരൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. തോന്നയ്ക്കലിൽ ഗുരുകുലം എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായി പ്രവർത്തിക്കവേയായിരുന്നു അന്ത്യം.