
കടയ്ക്കാവൂർ: ട്രാഫിക്ക് ബ്ലോക്കിലെ തർക്കത്തെ തുടർന്ന് ബൈക്കിൽ വന്ന മദ്ധ്യവയസ്കനെ വീട് കയറി ആക്രമിച്ച പ്രതികൾ അറസ്റ്റിൽ.
ഈ മാസം 15ന് കടയ്ക്കാവൂർ തെക്കുഭാഗത്ത് കണ്ണാട്ട് കടവിന് സമീപം റാപ്പനം വീട്ടിൽ ലിജു (40) ഓടിച്ച് വന്ന മോട്ടോർ സൈക്കിൾ ട്രാഫിക്ക് ബ്ലോക്കിൽപ്പെട്ട് പ്രതികൾ ഓടിച്ചു വന്ന ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്ത തർക്കത്തെ തുടർന്നാണ് വീട് കയറി ആക്രമിച്ചത്.
പ്രതികളായ തെക്കുംഭാഗം റാപ്പന ക്ഷേത്രത്തിന് സമീപം നന്ദനം വീട്ടിൽ കുട്ടപ്പൻ എന്ന് വിളിക്കുന്ന അജു (36), റാപ്പനം വീട്ടിൽ സഞ്ജിത്ത് (36), തെക്കുംഭാഗം കയർ ഗോഡൗണിന് സമീപം തുണ്ടുവിളവീട്ടിൽ അജീഷ് (37) എന്നിവർ ചേർന്നാണ് തെക്കുംഭാഗം കണ്ണാട്ട് കടവിലുള്ള ലിജുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതികൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു.
കടയ്ക്കാവൂർ പൊലീസ് കേസ് രജിസ്ട്രാർ ചെയ്ത് അന്വേഷണം തുടർന്നതോടെ ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യ.വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ വർക്കല ഡി.വൈ.എസ്.പി നിയാസ്.പിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്, എസ്.ഐമാരായ ദീപു എസ്.എസ്.മാഹീൻ, എ.എസ്.ഐ ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജ്യോതിഷ്, ഗിരീഷ്, സിയാദ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.