തിരുവനന്തപുരം:തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽ (സിൽവർലൈൻ) പദ്ധതിക്കായി ജില്ലയിലെ 130.6452 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക.ചിറയൻകീഴ്,തിരുവനന്തപുരം,വർക്കല താലൂക്കുകളിലെ 14 വില്ലേജുകളിൽ നിന്നാണ് ഇത്രയും ഭൂമിയേറ്റെടുക്കുന്നത്. ഇവിടങ്ങളിൽ സാമൂഹ്യാഘാതപഠനം നടത്താൻ റവന്യൂ വകുപ്പ് വിജ്ഞാപനം ഇറക്കി.
ആറ്റിങ്ങൽ,അഴൂർ,കരവാരം,കീഴാറ്റിങ്ങൽ,കൂന്തള്ളൂർ,ആറ്റിപ്ര, കടകംപള്ളി,കഠിനംകുളം,കഴക്കൂട്ടം,പള്ളിപ്പുറം, വെയിലൂർ, മണമ്പൂർ, നാവായിക്കുളം,പള്ളിക്കൽ വില്ലേജുകളിൽ നിന്നാണ് ഭൂമിയേറ്റെടുക്കുക.ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പരുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം പഠനം പൂർത്തിയാക്കണം.
പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം,ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെയും ആളുകളുടെയും എണ്ണം,ഭൂമിയുടെ അളവ്, ഏറ്റെടുക്കേണ്ട സർക്കാർ-സ്വകാര്യ ഭൂമി എന്നിവയുടെ അളവ്,ബാധിക്കുന്ന വീടുകൾ,കോളനികൾ എന്നിവയെല്ലാം കണ്ടെത്തും. ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹികാഘാതം ഉണ്ടാക്കും,അത് പരിഹരിക്കാനുള്ള ചെലവ് എത്ര തുടങ്ങിയവയും പഠിക്കും.വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ സാമൂഹ്യാഘാതപഠനം നിർബന്ധമാണ്.