puthanar

തിരുവനന്തപുരം:തലസ്ഥാനത്തുനിന്ന് കാസർകോട് ജില്ലയിലെ ബേക്കൽ വരെയുള്ള ജലപാതയുടെ ഭാഗമായി പാർവതി പുത്തനാർ വീതി കൂട്ടുമ്പോൾ സ്വകാര്യ വ്യക്തികളിൽ നിന്ന് 20 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്ക് സർക്കാർ ഭരണാനുമതി നൽകി.കോവളം മുതൽ ആക്കുളം വരെയുള്ള പാർവതി പുത്തനാർ തീരത്ത് അനധികൃതമായി നിർമ്മിച്ചിട്ടുള്ള 1500 നിർമ്മാണങ്ങളാണ് പൊളിച്ചുനീക്കുക. ഇതിൽ പുത്തനാറിന്റെ തീരത്തുള്ള 900 വീടുകളും ഉൾപ്പെടും. പൊളിച്ചുമാറ്റുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി ഫ്ളാറ്റുകളും മറ്റും പണിയുന്നതിന് വേണ്ടിയാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്.

 803 കുടുംബംഗങ്ങൾ,​ 247 കോടി

കോവളം മുതൽ വർക്കല വരെയുള്ള ഭാഗം വീതി കൂട്ടുമ്പോൾ പേട്ട,​ മുട്ടത്തറ വില്ലേജുകളിലായി 803 അടക്കം 1275 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഇതിനായി 247 കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്.120 കോടി പുനരധിവാസത്തിനും 75 കോടി ഫ്ളാറ്റ് നിർമ്മിക്കാനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുമാണ്.വർക്കലയിലെ 372 കുടുംബങ്ങളെ പുരനധിവസിപ്പിക്കുന്നതിന് 37.2 കോടിയാണ് ചെലവഴിക്കുന്നത്.കഠിനംകുളം ഭാഗത്തെ 100 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 9 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് വള്ളക്കടവ്,​ മേനംകുളം എന്നിവിടങ്ങളിലാണ് പുനരധിവാസത്തിന് സൗകര്യമൊരുക്കുന്നതെന്നാണ് സൂചന.

 കൈയേറ്റങ്ങൾ യഥേഷ്ടം

പാർവതി പുത്തനാറിന്റെ തീരത്ത് നൂറോളം കൈയേറ്റങ്ങളാണുള്ളത്.കോവളം മുതൽ ചാക്ക വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ. പദ്ധതി പ്രദേശത്ത് വീടുകൾ കൂടാതെ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഭൂമി കൈയേറിയിട്ടുണ്ട്. റവന്യൂവകുപ്പ് നടത്തിയ സർവേയിൽ ആയിരത്തോളം പേർ അനധികൃതമായി തീരം കൈയേറിയതായി കണ്ടെത്തിയിരുന്നു.റവന്യൂ വകുപ്പ് നടത്തിയ സ‌ർവേയിൽ പകുതിയോളം കൈയേറിയതായി കണ്ടെത്തി.പകുതി ഭാഗം കൈയേറി മണ്ണിട്ട് നികത്തി ഒരു നില മുതൽ മൂന്ന് നില വരെയുള്ള കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട്.ഇരുകരകളിലെയും വീടുകളിൽ നിന്ന് സ്വിവറേജ് പൈപ്പുകൾ ആറ്റിലേക്കാണ് കടത്തിയിരിക്കുന്നത്. 15 വർഷത്തിനിടെയാണ് പുത്തനാറിന്റെ തീരത്ത് അനധികൃത നിർമ്മാണങ്ങൾ കൂടിയത്.പാർവതി പുത്തനാറിന്റെ ഇരുകരകളിലുമുള്ള വീടുകളിൽ 680 എണ്ണം ആറിലേക്ക് കക്കൂസ് മാലിന്യമൊഴുക്കുന്നതായും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.

 തിരുവിതാംകൂറിന്റെ ജലപാത

തിരുവനന്തപുരത്തെ വള്ളക്കടവ് (കൽപാക്കടവ്) മുതൽ വർക്കല കുന്ന് വരെയുള്ള പ്രധാന കായലുകളെ തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച ജലപാതയാണ് പാർവതി പുത്തനാർ.1824-ൽ തിരുവിതാംകൂറിലെ റീജന്റായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാർവതി ഭായിയാണ് ഈ ചാൽ നിർമ്മിച്ചത്.പൂന്തുറയിലും വേളിയിലുമായി ജലപാത സമുദ്രത്തിലേക്ക് തുറക്കുന്നതിനാൽ പ്രകൃത്യായുള്ള ശുചീകരണം സാദ്ധ്യമായിരുന്നു. എന്നാൽ ഇന്ന് മൺതിട്ടകൾ രൂപംകൊണ്ട് ഈ ഭാഗം അടഞ്ഞു.