sathyagreham-nadathiyappo

കല്ലമ്പലം: കുടുംബശ്രീ തിരഞ്ഞെടുപ്പിൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിലും മണമ്പൂർ ഗ്രാമപഞ്ചായത്തിലും ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് പ്രതിഷേധം ശക്തം. നാവായിക്കുളത്ത് കുടുംബശ്രീ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ താത്പര്യം വച്ച് പെരുമാറിയെന്നും പക്ഷപാതം കാണിച്ചുവെന്നും ചൂണ്ടികാണിച്ച് വരണാധികാരിയെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസും ബി.ജെ.പിയും. മണമ്പൂർ പഞ്ചായത്തിലെ കുടുംബശ്രീ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എ.ഡി.എസ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ സി.പി.എം വോട്ടർപ്പട്ടികയിൽ ഉൾപ്പെടെ അട്ടിമറി നടത്തിയതായി ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.

നാവായിക്കുളത്ത് കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് അംഗങ്ങൾ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. വിജയികളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ വരണാധികാരി ഇനിയും തയ്യാറായിട്ടില്ല. കോൺഗ്രസ് കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് വരണാധികാരിയെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. 25ന് നടക്കുന്ന സി.ഡി.എസ് തിരഞ്ഞെടുപ്പിൽ 22 സി.ഡി.എസ് അംഗങ്ങളെയും അദ്ധ്യക്ഷയെയും തിരഞ്ഞെടുക്കണം. അതിനാൽ എ.ഡി.എസ് വിജയികളുടെ പട്ടിക എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് പടിക്കൽ കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടി സത്യഗ്രഹം നടത്തി.

ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കുടുംബശ്രീ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരിയുടെ നേതൃത്വത്തിൽ നടക്കുന്ന രാഷ്ട്രീയ ഇടപെടലിനെ പറ്റി ചർച്ച ചെയ്യണമെന്ന ബി.ജെ.പി അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ചു.

കോൺഗ്രസ് - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് - സി.പി.എം

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്ത് കുടുംബശ്രീ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകളാണ് നടത്തുന്നതെന്നും, കോൺഗ്രസ് - ബി.ജെ.പി കൂട്ടുകെട്ടിൽ ഉണ്ടായ പരാജയം മറക്കാനുള്ള തന്ത്രങ്ങളാണ് വ്യാജ പ്രസ്താവനയ്ക്ക് പിന്നിലെന്നും സി.പി.എം ആരോപിച്ചു.

മണമ്പൂർ പഞ്ചായത്തിലും കുടുംബശ്രീ തിരഞ്ഞെടുപ്പിൽ അട്ടിമറി

മണമ്പൂർ പഞ്ചായത്തിലെ കുടുംബശ്രീ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എ.ഡി.എസ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ സി.പി.എം വോട്ടർപ്പട്ടികയിൽ ഉൾപ്പെടെ അട്ടിമറി നടത്തിയതായി കോൺഗ്രസ് ആരോപിച്ചു.