ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗത്തിന് കഴിഞ്ഞ കാൽനൂറ്റാണ്ടത്തെ സംഘടനാ പ്രവർത്തനത്തിലൂടെ ആശാവഹമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃപാടവം കൊണ്ടാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ആദ്യ പ്രചാരണത്തിനു ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ നാനാ തുറകളിലുമുളള സമുദായാംഗങ്ങളെ ഒരു കൊടിക്കീഴിൽ അണിനിരത്തി. വിദ്യാഭ്യാസ രംഗത്തും നവീനമായ ഒട്ടേറെ സംരംഭങ്ങൾക്ക് തുടക്കമിടാൻ കഴിഞ്ഞു. സിവിൽ സർവീസ് പോലുള്ള മത്സര പരീക്ഷകളിൽ പുതുതലമുറയെ സജ്ജരാക്കുന്നതിനു യോഗത്തിന്റെ നേതൃത്വത്തിൽ പരിശീലന കേന്ദ്രങ്ങൾ തുറന്നു. ഗുരു ദർശനപഠനത്തിനും പ്രചാരണത്തിനുമുളള പദ്ധതികൾ യോഗം ആവിഷ്കരിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം ഡോ.ബി. സീരപാണി, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ, ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, അജീഷ് കടയ്ക്കാവൂർ, സജി വക്കം, എസ്.സുന്ദരേശൻ, അജി കീഴാറ്റിങ്ങൽ, യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജലജ തിനവിള, കോ ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു. വെള്ളാപ്പള്ളി നയിക്കുന്ന ഔദ്യോഗിക പാനലിന് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ആദ്യ പ്രചാരണത്തിന്റെ തുടക്കം ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. സി.വിഷ്ണുഭക്തൻ,ഡോ.ബി.സീരപാണി,
ശ്രീകുമാർ പെരുങ്ങുഴി,പ്രദീപ് സഭവിള,സന്ദീപ് പച്ചയിൽ, അജി.എസ്.ആർ.എം, അഴൂർ ബിജു, സി.കൃത്തിദാസ് എന്നിവർ സമീപം.