republic

തിരുവനന്തപുരം: കൊവിഡിന്റെ രൂക്ഷവ്യാപനം കണക്കിലെടുത്ത് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏ‍ർപ്പെടുത്തി. ആഘോഷ പരിപാടികളിൽ പൊതുജനങ്ങൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രവേശനമില്ല. സംസ്ഥാനതല പരിപാടി 26ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. ക്ഷണിക്കപ്പെട്ട 100പേർക്ക് മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കാനാകുക. ജില്ലകളിൽ രാവിലെ 9ന് നടക്കുന്ന ചടങ്ങിൽ അതതു മന്ത്രിമാർ പതാക ഉയർത്തും. പരമാവധി 50 പേർക്ക് മാത്രമായിരിക്കും പ്രവേശനം.

സബ് ഡിവിഷണൽ, ബ്ലോക്ക് തലത്തിൽ നടക്കുത്തുന്ന പരിപാടിയിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ കൂടാൻ പാടില്ല. പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ തലത്തിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും സംഘടിപ്പിക്കുന്ന പരിപാടിക്ക് 25 പേരിൽ കൂടാൻ പാടില്ലെന്നും പൊതുഭരണവകുപ്പ് സർക്കുലറിൽ വ്യക്തമാക്കി. പ്ലാസ്റ്റിക്കിലുള്ള ദേശീയ പതാകയുടെ നിർമ്മാണം, വിതരണം, വിൽപന, ഉപയോഗം എന്നിവ നിരോധിച്ചതായും സർക്കുലറിൽ പറയുന്നു.