l

കടയ്ക്കാവൂർ: അരയ്ക്കുതാഴെ തളർന്ന് കിടക്കുന്ന യുവാവും കുടുംബവും ജപ്തി ഭീഷണിയിൽ. കീഴാറ്റിങ്ങൽ എ.കെ നഗറിൽ അതുല്യാനിവാസ് കാട്ടുവിള വീട്ടിൽ മോനു എന്ന് വിളിക്കുന്ന അഖിലിനാണ് (22) ഈ ദുർവിധി.

2018 ഡിസംബറിൽ ശ്രീകാര്യത്ത് വച്ച് അഖിലും ബന്ധുക്കളും സഞ്ചരിച്ച കാറിന്റെ നിയന്ത്രണം തെറ്റി മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. ഇതുവരെ അഖിലിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചിലവഴിച്ചു. ഇപ്പോഴും അനങ്ങാൻ കഴിയാതെ കിടപ്പിലാണ്. ഇതിനിടയിലാണ് കിടപ്പാടം പണയം വച്ച് 5 ലക്ഷം രൂപ സ്വകാര്യബാങ്കിൽ നിന്ന് വായ്പ എടുത്തത്. പകുതിയോളം തുക അടയ്ക്കുകയും ചെയ്തു.

എന്നാൽ ഇപ്പോൾ കുടിശ്ശിക ആറു ലക്ഷത്തോളം ഉണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഉടനെ തുക അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്നുള്ള നോട്ടീസ് വീട്ടിൽ പതിച്ചിരിക്കുകയാണ്. പിതാവ് അനിൽകുമാർ സുഖമില്ലാത്ത ആളാണെങ്കിലും കുടുംബം പുലർത്താൻ വേണ്ടി കൂലി പണി ചെയ്യുന്നു. അമ്മ മകനെ നോക്കി വീട്ടിലാണ്. പണം ഇല്ലാത്തതിനാൽ ചികിത്സയും മുടങ്ങി. നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ജപ്തി നടപടി ഒഴിവായില്ലെങ്കിൽ സുഖമില്ലാത്ത അഖിലിനെയും കൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഈ കുടുംബം. ബാങ്കിലെ ബാദ്ധ്യത തീർക്കാനും ചികിത്സാ ചെലവിനും കനിവുള്ളവരുടെ സഹായം തേടുകയാണ് കുടുംബം. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ കീഴാറ്റിങ്ങൽ ബ്രാഞ്ചിൽ അഖിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 077901000011668, ഐ.എഫ്.എസ്.സി: IOBA0000779, ഗൂഗിൾ പേ : 8129822069. മൊബൈൽ നമ്പർ: 9072419973.