കടയ്ക്കാവൂർ: മൂന്നാംഘട്ട കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്.
ഇതിന്റെ ഭാഗമായി അഞ്ചുതെങ്ങിലെ സർക്കാർ ഓഫീസുകൾ, പൊതുനിരത്തുകൾ, പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവ വരുംദിവസങ്ങളിൽ അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ, അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ, മത്സ്യഭവൻ, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസ്, മാവേലി സ്റ്റോർ തുടങ്ങിയ സ്ഥാപനങ്ങൾ അണുവിമുക്തമാക്കി. പ്രദേശവാസികളുടെ വിവിധ ആവിശ്യങ്ങൾക്കായി സഹായങ്ങൾ എത്തിക്കാൻ ഓരോ മേഖലകളിലും വോളന്റിയർമാരെ നിശ്ചയിക്കുമെന്നും, ഇതിന്റെ ഭാഗമായി നെടുങ്ങണ്ട മേഖലയിൽ സന്നദ്ധപ്രവർത്തകർ സേവനം ആരംഭിച്ചു. അണുനശീകരണ പ്രവർത്തനങ്ങൾക്ക് കടയ്ക്കാവൂർ മണ്ഡലം ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് എഡിസൺ പെൽസിയൻ, ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസഫ്, നെടുങ്കണ്ട ബൂത്ത് കമ്മറ്റി സെക്രട്ടറി വിഷ്ണു എസ്. ദീപ്, ബൂത്ത് കമ്മിറ്റി അംഗം അനിൽ നീലിമ തുടങ്ങിയവർ നേതൃത്വം നൽകി.