വെഞ്ഞാറമൂട്: നെല്ലനാട്, വാമനപുരം, മാണിക്കൽ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ജില്ലയിലെ പ്രധാന നദികളിൽ ഒന്നായ വാമനപുരം നദി കടന്നുപോകുന്ന പ്രദേശമായിട്ടും ഇവിടത്തേക്ക് കുടിവെള്ളത്തിനായി പദ്ധതിയൊന്നും നടപ്പിലാക്കിയിട്ടില്ല. ഇപ്പോൾ ശുദ്ധജലവിതരണ പദ്ധതിക്ക് ജലജീവൻ മിഷനിലൂടെ 118.70 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചു.
വാമനപുരം നിയോജക മണ്ഡലത്തിലുൾപ്പെട്ട നെല്ലനാട്, വാമനപുരം പഞ്ചായത്തുകൾക്കും നെടുമങ്ങാട് നിയേജകമണ്ഡലത്തിലുൾപ്പെട്ട മാണിക്കൽ പഞ്ചായത്തിനും വേണ്ടിയുള്ള കുടിവെള്ള പദ്ധതിക്കായാണ് ജലജീവൻ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ സ്രോതസ് വാമനപുരം നദിയാണ്.
കിണറും പമ്പ് ഹൗസും നിർമ്മിക്കൽ, റാ വാട്ടർ, ക്ലിയർ വാട്ടർ, പമ്പിംഗ് മെയിനുകൾ, പമ്പ് സെറ്റുകൾ, ജലവിതരണ ശൃംഖലകൾ എന്നിവ സ്ഥാപിക്കൽ, ഉപരിതല ജലസംഭരണികളുടെ നിർമ്മാണം, ഗാർഹിക കണക്ഷനുകൾ നൽകൽ എന്നിവയാണ് ഈ പദ്ധതിയിലുൾപ്പെട്ടിട്ടുള്ളത്. ഈ പദ്ധതിയിൽ കുറ്ററയിൽ വാമനപുരം നദിക്ക് സമീപം കിണറും പമ്പ് ഹൗസും നിർമ്മിച്ച് പമ്പ്സെറ്റുകളും സ്ഥാപിച്ച് 500 മി.മീ. വ്യാസമുളള ഡക്ക്ടൈൽ അയൺ പൈപ്പ് ലൈൻ വഴി വാമനപുരം നദിയിലെ ജലം പമ്പ് ചെയ്ത് കൈലാസത്തുകുന്നിൽ നിർമ്മിക്കുന്ന 15 എം.എൽ.ഡ. ശേഷിയുളള ജലശുദ്ധീകരണശാലയിൽ എത്തിച്ച് ശുദ്ധീകരിച്ചശേഷം നെല്ലനാട്, വാമനപുരം ,മാണിക്കൽ പഞ്ചായത്തുകളിൽ നിർമ്മിക്കുന്ന ജലസംഭരണികളിലെത്തിച്ച് ജലവിതരണശൃംഖലകൾ വഴി വിതരണം ചെയ്യാനാണുദ്ദേശിക്കുന്നത്.
മൂന്ന് പഞ്ചായത്തുകളിലുമായി 16978 ഗാർഹിക കുടിവെള്ള കണക്‌ഷനുകളും നൽകുന്നുണ്ട്. മാണിക്കൽ, നെല്ലനാട്, വാമനപുരം പഞ്ചായത്തുകളിലെ ഏകദേശം 84925 പേർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഓരോ പഞ്ചായത്തുകളിലും നൽകുന്ന കുടിവെള്ള കണക്ഷനുകളുടെ എണ്ണവും അനുവദിച്ചിട്ടുളള തുകയും ഓരോ കുടിവെളള
കണക്‌ഷനുകളും ചെലവാക്കുന്ന തുകയും
നെല്ലനാട് _ 3543 -24.15 ലക്ഷം - 69888. 51 രൂപ
വാമനപുരം - 4850- 33.35 ലക്ഷം - 69924.7 4 രൂപ
മാണിക്കൽ 8585 - 66.82 ലക്ഷം 69922.19 രൂപ.
പദ്ധതിക്കായി അനുവദിച്ച തുക 118. 70 രൂപ
പദ്ധതി സ്രോതസ് വാമനപുരം നദി
ഉപഭോക്താക്കൾ - നെല്ലനാട്, വാമനപുരം, മാണിക്കൽ പഞ്ചായത്തുകൾ