dr-p-palpu

കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായിരുന്ന ഡോ. പല്‌പുവിന്റെ 71-ാം ചരമവാർഷിക ദിനം നാളെ

പത്തൊമ്പത് - ഇരുപതു നൂറ്റാണ്ടുകളിൽ തിരുവിതാംകൂറിലെ ജനജീവിതം സാമൂഹികമായ സ്വാതന്ത്ര്യത്തിന്റെയോ സമത്വത്തിന്റെയോ തത്വങ്ങളിൽ അധിഷ്ഠിതമായിരുന്നില്ല. അതിരൂക്ഷമായ ജാതിവ്യത്യാസമായിരുന്നു സാമൂഹിക ഘടനയുടെ മുഖ്യസവിശേഷത. ഇതിനെതിരെ സധൈര്യം പോരാടിയ അതികായന്മാരിൽ പ്രമുഖനായിരുന്നു ഡോ. പല്‌പു. ആധുനിക കേരളത്തിന്റെ ശില്‌പികളിൽ അവിസ്‌മരണീയനായ അദ്ദേഹം ഒരു വ്യക്തി എന്നതിനേക്കാൾ ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു.

ജീവിതത്തിൽ ആരും മോഹിക്കുന്ന സ്ഥാനമാനങ്ങളും സാമൂഹ്യ ഔന്നത്യവും പാണ്ഡിത്യവും ധനാഗമവും മഹാപുരുഷബന്ധവും എല്ലാമുണ്ടായിട്ടും അധഃസ്ഥിതരുടെ പടത്തലവനായി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനും നയിക്കാനുമാണ് അദ്ദേഹം സ്വജീവിതം സമർപ്പിച്ചത്.

ജാതിവിവേചനത്തിന്റെയും അശാസ്‌ത്രീയമായ സാമൂഹ്യവ്യവസ്ഥിതിയുടെയും ദുരിതങ്ങളിൽപ്പെട്ട് ആടിയുലഞ്ഞ ബാല്യവും കൗമാരവും യൗവനവുമായിരുന്നു ഡോ. പല്‌പുവിന്റേത്. സാമൂഹ്യബോധവും സാമർത്ഥ്യവും മികവുമുള്ള വിദ്യാർത്ഥിയായിരുന്നിട്ടും പരീക്ഷകളിൽ സവർണ വിദ്യാർത്ഥികളെ പിന്തള്ളി ഉന്നതവിജയം കരസ്ഥമാക്കിയിരുന്നിട്ടും മെഡിസിൻ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കുകാരനായിരുന്നിട്ടും അദ്ദേഹത്തിനു തിരുവിതാംകൂർ മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടിയില്ല. അത്യന്തം ഹീനവും നിന്ദ്യവുമായ ഈ നിഷേധത്തിന്റെ തീച്ചൂളയിൽ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ അദ്ദേഹം മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്നാണ് ഉന്നതപഠനം പൂർത്തിയാക്കിയത്. ജാതീയമായും സാമൂഹ്യമായും സാമ്പത്തികമായും വളരെയേറെ ക്ളേശങ്ങളും പ്രതിസന്ധികളുമുണ്ടായിട്ടും അദ്ദേഹം തളർന്നില്ല. എല്ലാ തടസങ്ങളെയും യുക്തികൊണ്ടും ബുദ്ധികൊണ്ടും അതിജീവിപ്പിച്ച പല്‌പു, ഡോ. പല്‌‌പുവായിട്ടാണ് തിരുവിതാംകൂറിൽ മടങ്ങിയെത്തിയത്. എന്നിട്ടും അയിത്തജാതിക്കാരനായി ജനിച്ചതിന്റെ പേരിൽ അദ്ദേഹത്തിനു തിരുവിതാംകൂർ മെഡിക്കൽ സർവീസിൽ ഉദ്യോഗം കിട്ടിയില്ല. അക്കാലത്തെ ജാതിവിവേചനത്തിന്റെ ആഴവും വ്യാപ്‌‌‌തിയും എത്രയെന്ന് ഇതിൽനിന്ന് മനസിലാവും. തുടർന്ന് കർണാടകത്തിലായി അദ്ദേഹത്തിന്റെ ഔദ്യോഗിക കർമ്മരംഗം.

1898ൽ പ്ളേഗ് രോഗം ബാധിച്ച് ശ്മശാന തുല്യമായിത്തീർന്ന ബാംഗ്ളൂർ നഗരത്തിൽ മരണമടഞ്ഞവരുടെയും മരണാസന്നരുടെയും ഇടയിൽ ദൈവത്തിന്റെ ദാസനായും ഗുരുവിന്റെ ദൂതനായും നിന്നുകൊണ്ട് സ്നേഹത്തിന്റെയും സേവനത്തിന്റെയും സങ്കീർത്തനങ്ങൾ തീർത്ത ഒരു സമ്പൂർണ മനുഷ്യനായിരുന്നു ഡോ. പല്‌പു. ബാംഗ്ളൂരിലെ തെരുവോരങ്ങളിൽ ഭക്ഷണവും, വസ്‌ത്രവും പാർപ്പിടവുമില്ലാതെ വിളറിയും വിറങ്ങലിച്ചും കിടന്നിരുന്ന ബഹുശതം യാചകരെ രാത്രികാലങ്ങളിൽ അവരുടെയടുത്തെത്തി മേൽത്തരം പുതപ്പ് പുതപ്പിച്ചിരുന്ന ഒരു ഡോക്ടറെ ചരിത്രത്തിൽ മറ്റെവിടെയാണു കാണാനാവുക. ജീവിതത്തിൽ ഒരിക്കലും നഷ്ടലാഭങ്ങളുടെ കണക്കെടുപ്പുകൾ നടത്തിയിട്ടില്ലാത്ത അസാധാരണനായ ഒരത്ഭുത മനുഷ്യനായിരുന്നു ഡോ. പല്‌പു.

ആധുനിക കേരളത്തിന്റെ മുഖ്യശില്‌പികളിൽ അദ്വിതീയനായ ഡോ. പല്‌പുവിന്റെ ബഹുമുഖ വ്യക്തിത്വം സമാനതകളില്ലാത്തതാണ്. അനീതിക്കും അസമത്വത്തിനും അസ്വാതന്ത്ര്യത്തിനുമെതിരെ സന്ധിയില്ലാതെ പോരാടാനുള്ള ആത്മവിശ്വാസവും ആത്മധൈര്യവുമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് കരുത്തേകിയത്. 'അനശ്വരനായ ഇന്ത്യൻ വിപ്ളവകാരികളിൽ ഒരാൾ" എന്ന് സരോജിനി നായിഡു ഡോ. പല്‌പുവിനെ വിശേഷിപ്പിച്ചെങ്കിലും നമ്മുടെ പല ചരിത്രകാരന്മാരും സൗകര്യപൂർവം അത് വിസ്മരിക്കുന്നു.

സാമൂഹ്യ ഉന്നമനത്തിനായി സ്വജീവിതം ധന്യമാക്കിയ ആദർശനിഷ്ഠനും, സമുദായോദ്ധാരകനും, മനുഷ്യസ്നേഹിയും, ഭിഷഗ്വരനും ദാർശനികനും എഴുത്തുകാരനും വിപ്ളവകാരിയുമൊക്കെയായിരുന്നു ഡോ. പല്‌പു.

ഭാരതീയ ആദ്ധ്യാത്മീകതയുടെ യൗവനമായിരുന്ന വിവേകാനന്ദസ്വാമികളുടെ ഉപദേശങ്ങൾ ശ്രവിക്കാനും സ്നേഹം നുകരാനും ഭാഗ്യമുണ്ടായ ഡോ. പല്‌പുവിന്റെ പുരോഗമനാശയങ്ങളെയും വിമോചനചിന്തകളെയും സാമൂഹിക വീക്ഷണത്തെയും കർമ്മമാർഗത്തെയും ഏകോപിപ്പിച്ചതും വികസിപ്പിച്ചതും ശ്രീനാരായണ ഗുരുദേവനായിരുന്നു. കുമാരനാശാനെയും ഡോ. പല്‌പുവിനെയും സാരഥികളാക്കിക്കൊണ്ടാണ് ഗുരുദേവൻ സാമൂഹ്യ നവോത്ഥാന വീഥിയ്‌ക്ക് വീതികൂട്ടിയത്. സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി പ്രശോഭിക്കുന്ന അരുവിപ്പുറത്തു നിന്നും മുളച്ചുപൊന്തി ഇന്ന് ലോകമൊട്ടാകെ ഒരു മഹാപ്രസ്ഥാനമായി പന്തലിച്ചു നില്‌ക്കുന്ന ശ്രീനാരായണ ധർമ്മ പരിപാലനയോഗത്തിന്റെ വളർച്ചയ്‌ക്കു പിന്നിൽ ആളും അർത്ഥവുമായി നിലകൊണ്ട അദ്ദേഹത്തിന്റെ ചുവടുകൾ എക്കാലവും ഉറച്ചതായിരുന്നു.

സാമൂഹ്യ പ്രതിബദ്ധതയുടെ ഉജ്ജ്വലമായ മാതൃകയും നിസ്‌തുലമായ പ്രതീകവുമായിരുന്നു ഡോ. പി. പല്‌പു. അതുകൊണ്ടാണ് സമൂഹമനസിൽ ഇന്നും അദ്ദേഹം ശോഭിതനായി നിലകൊള്ളുന്നത്.

ഡോ. പല്‌പുവിനെ സ്‌മരിക്കാതെയുള്ള കേരളത്തിന്റെ നവോത്ഥാന ചരിത്രം അപൂർണവും വികലവുമാണെന്ന സത്യം അവർക്കറിയുകയുമില്ല. ചരിത്രത്തിൽ ഉറച്ചുനില്‌ക്കുന്ന ആ കാല്‌‌പാടുകൾ ഒരു കാലത്തും മാഞ്ഞുപോകുന്നതോ, മറച്ചുവയ്‌ക്കാൻ കഴിയുന്നതോ അല്ല.

(ഡോ. പല്‌പു ഗ്ളോബൽ മിഷൻ ചെയർമാനാണ് ലേഖകൻ)