raveedran
raveedran

തിരുവനന്തപുരം: ദേവികുളം കെ.ഡി.എച്ച് വില്ലേജിലെ രവീന്ദ്രൻ വ്യാജ പട്ടയങ്ങൾ റദ്ദാക്കിയത് കേസുകൾ ഒഴിവാക്കി കൈയേറിയവർക്കുതന്നെ നിയമാനുസൃതം പതിച്ചു കൊടുക്കാനാണെന്ന് സൂചന. ഇതോടെ വി.എസിന്റെ ഭരണകാലത്ത് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ മൂന്നാർ ദൗത്യസംഘം തുടങ്ങിവച്ച ലക്ഷ്യം പൂർണ്ണമായി തകിടംമറിയുകയാണ്. വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്തും പിന്നീടും പലപ്പോഴായി നടത്തിയ ഒഴിപ്പിക്കലുകൾക്കെതിരെ നിരവധി കേസുകൾ ഹൈക്കോടതിയിലടക്കമുണ്ട്.

പട്ടയം റദ്ദാക്കിയ റവന്യു വകുപ്പിന്റെ ഉത്തരവിനെതിരെ മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണി ഇന്നലെ രംഗത്തെത്തിയെങ്കിലും പിന്നാലെ, ഉത്തരവിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. പട്ടയങ്ങൾ റദ്ദാക്കിയതിന്റെ പേരിൽ ആരെയും ഒഴിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നും സി.പി.എമ്മും സി.പി.ഐയും ചൂണ്ടിക്കാട്ടിയ ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കുകയും ചെയ്തു.

വൻതോക്കുകളുടേതാണ് ഈ അനധികൃത പട്ടയഭൂമിയിലേറെയും. നിയമവ്യവസ്ഥ കാറ്റിൽപറത്തിയാണ് ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചത്. യു.ഡി.എഫ്, എൽ.ഡി.എഫ് ഭരണകാലത്തെ കൈയേറ്റങ്ങളാണ് കൂട്ടത്തോടെ രവീന്ദ്രൻപട്ടയ മറവിൽ സാധൂകരിക്കപ്പെട്ടത്.

#ആദ്യപട്ടയങ്ങൾ പാർട്ടി ഭൂമിക്ക്

രവീന്ദ്രൻ പട്ടയങ്ങളിൽ ഒന്നാം പട്ടയം സി.പി.ഐ നേതാവായിരുന്ന പി.കെ.വാസുദേവൻനായരുടെ പേർക്കുള്ള 5 സെന്റിനായിരുന്നു. രണ്ടാം പട്ടയം സി.പി.എം നേതാവ് എം.എം. മണിയുടെ പേരിലുള്ള 25 സെന്റുമാണ്. എ.ഐ.ടി.യു.സിയുടെയും സി.ഐ.ടി.യുവിന്റെയും ഓഫീസുകളാണിവിടെ. മൂന്നാർ ദൗത്യസംഘം സി.പി.ഐ കെട്ടിടത്തിൽ ആറ് നിയമലംഘനങ്ങൾ കണ്ടെത്തി. ദേശീയപാതയിലേക്ക് തള്ളിനിന്ന കെട്ടിടഭാഗം പൊളിച്ചത് കോളിളക്കമുണ്ടാക്കി. അന്നത്തെ സി.പി.ഐ സെക്രട്ടറി വെളിയം ഭാർഗവൻ, അനധികൃതമായത് വേണ്ടെന്ന് പറഞ്ഞ് 5 സെന്റ് റദ്ദാക്കിക്കോളാൻ കത്ത് നൽകി. അങ്ങനെ അത് റദ്ദാക്കി.