വർക്കല: വർക്കല എക്സൈസ് സംഘം നടത്തിയ വ്യാപക പരിശോധനയിൽ വർക്കല ഹെലിപ്പാട്, കുരയ്ക്കണ്ണി മംഗളമുക്ക് എന്നീ ഭാഗത്ത് നിന്ന് സിന്തറ്റിക് മയക്ക് മരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പിടികൂടി. ചടയമംഗലം ആയുർ ജോജോ വിലാസത്തിൽ ജിജോ (28), കവലയൂർ പെരുംകുളം മലവിള പൊയ്ക സൽമാൻ മൻസിൽ സഫീർ(23) എന്നിവരിൽ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എയും, കരുനിലകോട് നെടിയവിള വീട്ടിൽ സിനീഷിന്റെ (27) പക്കൽ നിന്ന് ഒന്നര ഗ്രാം എം.ഡി.എം.എയുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 8.30. ഓടെയാണ് വർക്കല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കുകളും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ എസ്. കൃഷ്ണകുമാർ, കെ. ഷാജി, വിജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺമോഹൻ എം.ആർ, രാഹുൽ ആർ, പ്രവീൺ. പി എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാൻഡ് ചെയ്തു.