വക്കം: വക്കം ഗ്രാമപഞ്ചായത്തിലെ കായൽവാരം വാർഡിലെ കുടുംബശ്രീ എ.ഡി.എസ് തിരഞ്ഞെടുപ്പ് ഇന്ന് ( 21 ) നടക്കും. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് അലങ്കോലമായതിനെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഐകകണ്ഠേന നടക്കേണ്ട തിരഞ്ഞെടുപ്പ് വരണാധികാരികളിൽ ചിലരുടെ ഇടപെടൽ മൂലം വോട്ടെടുപ്പിലേക്ക് നീങ്ങുകയായിരുന്നുവെന്ന് ആക്ഷേപമുയർന്നിരുന്നു. വോട്ടെടുപ്പിന് ശേഷം മേഖലയിൽ സംഘർഷ സാധ്യത ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് ബന്ധപ്പെട്ടവർ സ്ഥലം വിടുകയായിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ നിലയ്ക്കാമുക്കിൽ റോഡ് ഉപരോധമടക്കമുള്ള സമരങ്ങളുമായി രംഗത്ത് എത്തിയിരുന്നു. കടയ്ക്കാവൂർ പൊലീസ് എത്തി വിവിധ വിഭാഗങ്ങളുമായി നടത്തിയ ചർച്ചയുടെ ഒടുവിൽ നടന്ന വോട്ടെടുപ്പ് റദ്ദാക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് നിലയ്ക്കാ മുക്ക് യു.പി.സ്കൂളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമെന്ന് വരണാധികാരി കെ.കെ. സുധാകരൻ അറിയിച്ചു.