പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി സെറ്റിൽമെന്റുകളിൽ രണ്ടു മാസത്തിനുള്ളിൽ നാലു പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്ന് ഊരുകളിൽ കർശന സുരക്ഷയൊരുക്കി പൊലീസും വനംവകുപ്പും. പുറത്ത് നിന്നുള്ളവർക്ക് ഊരുകളിലേക്ക് വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഇത് നിരീക്ഷിക്കുന്നതിനായി പെരിങ്ങമ്മല പഞ്ചായത്തിലെ ഊരുകളിലേക്കുള്ള ദിശാബോർഡുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാകും. പൊലീസ് പട്രോളിംഗും, വനം വകുപ്പിന്റെ നേതൃത്വത്തിലും പരിശോധനയും ശക്തമാക്കി. കഴിഞ്ഞ ദിവസം അനധികൃതമായി ഊരിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് വാഹനങ്ങൾ പൊലീസ് പിടികൂടി. മദ്യവും മയക്കുമരുന്നും ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ ഊരുകളിലേക്കെത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കും. കണ്ടെത്തിയാൽ കർശന നടപടികളുണ്ടാവും. ലഹരി വസ്തുക്കൾ കടത്തിയാൽ ആ വിവരം പൊലീസിനെ അറിയിക്കാനും സംവിധാനമൊരുക്കി. ഊരുകളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ട് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ഊരുകളിലെ വിദ്യാർഥികളുമായി സൗഹൃദമുണ്ടാക്കി പുറത്തു നിന്നുള്ള യുവാക്കൾ ഇവിടേക്കെത്തുകയും അനധികൃത പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുന്നത് പതിവാണ്. ഇനി ഇത്തരം പ്രവർത്തികൾക്ക് തടയിട്ട് നിയമ നടപടികളുണ്ടാകും. എക്സൈസ്, പട്ടികജാതി - പട്ടികവർഗ വകുപ്പ് - പഞ്ചായത്ത് എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് ഊരുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കും. പെൺകുട്ടികളുടെ മരണത്തിൽ പുറത്തു നിന്നുള്ള ആരുടെയെങ്കിലും ആസൂത്രിതമായ ഗൂഡാലോചനയുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. പെരിങ്ങമ്മല ആദിവാസി മേഖലകളിൽ അടുത്തിടെ വർദ്ധിക്കുന്ന പോക്സോ കേസുകൾ തടയുന്നതിനും കർശന നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജോയിന്റ് എക്സൈസ് കമ്മീഷണർ ആർ. ഗോപകുമാറിന്റെയും റൂറൽ എസ്.പി. ദിവ്യ വി. ഗോപിനാഥിന്റെയും നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘവും ഊരുകളിലെത്തിയിരുന്നു. പ്രവർത്തനങ്ങൾ പാലോട് സ്റ്റേഷൻ ഓഫീസർ സി.കെ. മനോജ്, എസ്.ഐ. നിസാറുദ്ദീൻ, ബിജു.ആർ.എസ്, കിരൺ, രഞ്ജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ നൽകുന്നത്.