soba

നെയ്യാറ്റിൻകര: താലൂക്കിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നു. ഇപ്പോൾ സർക്കാർ ഓഫീസ് പ്രവർത്തനങ്ങൾ പേരിന് മാത്രമാണ്. നഗരസഭാ പരിധിയിൽ ദിനം പ്രതിയുളള കൊവിഡ് രോഗികളുടെ എണ്ണം 100ലധികമായി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി ഒരു വാ‌ർഡുകൂടി സജ്ജമാക്കി. നെയ്യാറ്റിൻകരയിൽ അടച്ചുപൂട്ടിയ സി.എഫ്.എൽ.ടി കേന്ദ്രം തുറക്കുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് റസിഡന്റ്സ് അസോസിയേഷനടക്കമുളള സംഘടനകൾ ആവശ്യപ്പെട്ടു. കൊവിഡിന്റെ അതിവ്യാപനത്തിൽ രോഗപ്രതിരോധ സംവിധാനങ്ങൾ ഊ‌ർജ്ജിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ തഹസിൽദാ‌ർ ശോഭ സതീഷുമായി കൂടിക്കാഴ്ച നടത്തി. 24 ന് താലൂക്കിലെ വിവിധ സർക്കാർ ഓഫീസ് മേധാവികളുമായി ഓൺലൈൻ മീറ്റിംഗും 26 ന് മിനി സിവിൽ സ്റ്റേഷനിൽ ശുചീകരണമടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാൻ തീരുമാനമായി. ആരോഗ്യ വിഭാഗത്തിന്റെ നിർദേശപ്രകാരം പൊതുജനങ്ങൾക്ക് നഗരസഭ ഓഫീസിൽ സന്ദർശനത്തിന് ക്രമീകരണം ഏർപ്പെടുത്തി.

ഓഫീസുകളുടെ പ്രവ‌ർത്തനം പേരിന് മാത്രം

നഗരസഭയിൽ സെക്രട്ടറിയടക്കം 10ഓളം ജീവനക്കാർ കൊവിഡ് അവധിയിലായി. ഇതോടെ നഗരസഭ ആരോഗ്യപ്രവ‌‌ർത്തനങ്ങൾ ഊർജ്ജിതമാക്കി. ഏറ്റവും കൂടുതൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷനിലെ ഭൂരിഭാഗം ഓഫീസുകളും പേരിന് മാത്രം തുറന്ന് പ്രവർത്തിക്കുന്നു. സപ്ലൈ ഓഫീസ്, ആർ.ടി ഓഫീസ് അടക്കും പൊതുജന സമ്പർക്ക ആവശ്യങ്ങൾ നിറവേറ്റുന്നതടക്കം 30ഓളം ഓഫീസുകൾ പ്രവർത്തിക്കുന്ന ഇവിടത്തെ ഭൂരിഭാഗം ഒാഫീസിലും ഹാജ‌ർനില 50ശതമാനത്തിനും താഴെയായി. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളോടെല്ലാം ഒരാഴ്ച കഴിഞ്ഞ് എത്താനാണ് മറുപടി നൽകുന്നത്.

താലൂക്ക് ഓഫീസിലും

നെയ്യാറ്റിൻകര താലൂക്ക് ഓഫീസിന്റെ അവസ്ഥയും വ്യത്യസ്തമല്ല. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ ഡി.വൈ.എസ്.പിയടക്കം 20 ഓളം പേർ കൊവിഡ് ബാധിച്ച് അവധിയിലായി. കഴിഞ്ഞ 15 മാസക്കാലമായി തിരുവനന്തപുരം ജില്ലയിലെ റിമാന്റ് പ്രതികളെ പാർപ്പിക്കുന്ന കൊവിഡ് നിരീക്ഷണ കേന്ദ്രമായ വഴുതൂർ സ്പെഷ്യൽ സബ് ജയിലിലെ 15ഓളം ഉദ്യോഗസ്ഥരും ക്വാറന്റൈനിലാണ്. നഗരത്തിൽ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള വാണിജ്യസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിലും കൊവിഡ്

** ഓവർ ഡ്യൂട്ടിയിൽ ജീവനക്കാർ

കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിൽ നാല് ദിവസത്തിനിടയിൽ കൊവിഡ് ബാധിച്ചത് 29 ജീവനക്കാർക്ക്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുന്ന പലരും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 70ൽപ്പരം ജീവനക്കാർ നിരീക്ഷണത്തിലാണ്. 420 സ്ഥിര ജീവനക്കാരുള്ള ഡിപ്പോയിലെ 28ശതമാനം ജീവനക്കാർ നിലവിൽ രോഗബാധ ഉള്ളവരോ പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരോ ആണ്. സർവീസ് ഓപ്പറേഷനെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

ജീവനക്കാർ ഓവർടൈം ചെയ്താണ് ഇപ്പോൾ സർവീസുകൾ ക്രമീകരിക്കുന്നത്.

** അണുവിമുക്തമാക്കി

രോഗബാധിതരായ ജീവനക്കാർ നിരന്തര സമ്പർക്കത്തിലേർപ്പെട്ട സ്റ്റാഫ് റൂമുകളും ഓഫീസും കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ കൊവിഡ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. കൊവിഡ് ബ്രിഗേഡ് ഭാരവാഹികളായ ജി. ജിജോ, എൻ.കെ. രഞ്ജിത്ത്, മനോജ്, സതീഷ്, സെക്യൂരിറ്റി ഓഫീസർ ശശിഭൂഷൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൊവിഡ് ബാധിതരായ ജീവനക്കാർക്ക് ടെലി കൗൺസലിംഗും ബൂസ്റ്റർ ഡോസ് വാക്സിൻ ഉടനടി ലഭ്യമാക്കാനാവശ്യമായ പ്രവർത്തനങ്ങളും കൊവിഡ് ബ്രിഗേഡ് ഏറ്റെടുത്തിട്ടുണ്ട്.