കല്ലമ്പലം: നാവായിക്കുളത്തെ കുടുംബശ്രീ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ പക്ഷപാതം കാണിച്ചതായി കോൺഗ്രസ് ആരോപിച്ചു. സി.പി.എമ്മിന്റെ താത്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി തിരഞ്ഞെടുപ്പ് ക്രമവിരുദ്ധമായി നടത്തിയെന്നാണ് കോൺഗ്രസിന്റെ പരാതി.

21ാം വാർഡിലെ നീർമാതളം അയൽക്കൂട്ടത്തിൽ ആകെയുള്ള 17 അംഗങ്ങളിൽ 16 പേർ ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി തിരഞ്ഞെടുക്കപ്പെട്ടവരെ പട്ടികയിൽ ഉൾപ്പെടുത്താൻ റിട്ടേണിംഗ് ഓഫീസർ തയ്യാറായില്ല. അയൽക്കൂട്ട അംഗങ്ങൾ ജില്ലാ മിഷനിലും കളക്ടർക്കും പരാതി നൽകിയിരുന്നു. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തെന്നും കോൺഗ്രസ് ആരോപിച്ചു.

സി.പി.എം അദ്ധ്യാപക സംഘടനാ നേതാവായ റിട്ടേണിംഗ് ഓഫീസറെ അടിയന്തരമായി ചുമതലയിൽ നിന്ന് മാറ്റണമെന്നും തിരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത സ്ത്രീയെ കൈയേറ്റം ചെയ്‌ത സംഭവത്തിൽ കേസെടുക്കണമെന്നും നാവായിക്കുളം മണ്ഡലം പ്രസിഡന്റ് എൻ. ഗോപാലകൃഷ്‌ണനും കുടവൂർ മണ്ഡലം പ്രസിഡന്റ് കുടവൂർ നിസാമും ആവശ്യപ്പെട്ടു.