
ആര്യനാട്: പണിതിട്ടും പണിതിട്ടും തീരാതെ ആര്യനാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ് പൂമുഖം. അനുവദിച്ച ഫണ്ട് ലാപ്‌സ് ആകാതിരിക്കാനാണ് പണി പൂർത്തിയാക്കിയ സ്ഥലം വീണ്ടും കുത്തി പൊളിച്ച് പണിയുന്നത്. അടുത്തകാലത്തായി ഇത്തരത്തിൽ മൂന്നു തവണയാണ് റസ്റ്റ് ഹൗസിന്റെ മുൻ വശം പൊളിച്ച് പണിതതെന്ന് പ്രദേശവാസികൾ പറയുന്നു. ഇത്തരത്തിൽ സർക്കാർ ഖജനാവിന് നഷ്ടം വരുത്തിവയ്ക്കുന്ന അധികൃതരുടെ നടപടിയിൽ വ്യാപക പ്രതിഷേധമാണുള്ളത്. നേരത്തെ കോൺക്രീറ്റും ഇന്റർലോക്കും ഒക്കെ ഇട്ട് ഇത്തരത്തിൽ ഫണ്ട് വിനിയോഗിച്ച് പണി നടത്തി. ഒടുവിലിപ്പോൾ റസ്റ്റ് ഹൗസിന് അനുവദിച്ച തുക പിൻവലിക്കാൻ എല്ലാം കുത്തിപൊളിച്ചിട്ടിരിക്കുകയാണ്. താറുമാറായി കിടക്കുന്ന റോഡുകളുടെ നവീകരണമോ അറ്റകുറ്റ പണിയോ നടത്താതെ പൊതുജനം റോഡിലൂടെ നടുവൊടിഞ്ഞും വാഹനങ്ങൾ തകരാറായും ഒക്കെ ദുരിതം അനുഭവിക്കുകയാണ്. കഴിഞ്ഞ ദിവസം വരെയും യാതൊരു കുഴപ്പവും ഇല്ലാതെ മഴയത്ത് പോലും ആളുകൾക്ക് സുഗമമായി ഓഫീസിനുള്ളിൽ വന്നു ചേരാൻ സൗകര്യം ഉണ്ടായിരുന്ന ഇടമാണ് വ്യാഴാഴ്ച രാവിലെയോടെ അനാവശ്യമായി പൊളിച്ചിട്ടിരിക്കുന്നത്. വെറുതെ എന്തിനാണ് ഉത്തരത്തിൽ നടപടി എന്ന ചോദ്യത്തിന് ഫണ്ട് ലാപ്‌സ് ആയി പോകും അതുകൊണ്ടു പണി ചെയ്തു കാണിക്കണം അതിന് ഇതേ മർഗ്ഗമുള്ളു എന്നാണ് ആര്യനാട് പി.ഡബ്ലിയു.ഡി സെക്ഷൻ അധികൃതർ പറയുന്നത്. ലക്ഷക്കണക്കിന് ആളുകൾ ചികിത്സാ സഹായവും ഉപജീവനത്തിന് വഴിയും തേടി നടക്കുമ്പോഴാണ് കിട്ടിയ ഫണ്ട് എങ്ങനെയെങ്കിലും ചിലവാക്കി പണം തട്ടാൻ നോക്കുന്നത്. അന്വേഷണം നടത്തി അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.