kp

കാട്ടാക്കട: കൊവിഡ് ബാധിച്ച് മരിച്ച കുറ്റിച്ചലിലെ കോൺഗ്രസ് നേതാവും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ കുറ്റിച്ചൽ അന്നവിള വീട്ടിൽ കെ.പി. മുഹമ്മദിന്റെ (71) വേർപാട് കുറ്റിച്ചലിനെ ദുഃഖത്തിലാഴ്ത്തി.

മലയോര മേഖലയിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റേയും, തോട്ടം തൊഴിലാളി മേഖലയിലും കർഷകർക്കിടയിലും സാധാരണക്കാർക്കിടയിലും വലിയ സ്വാധീനം ചെലുത്തിയ പൊതു പ്രവർത്തകനായിരുന്നു കുറ്റിച്ചലുകാരുടെ കെ.പി.

തന്റെ ജീവിതം മുഴുവൻ നാടിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു കെ.പിയുടേത്. രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലുള്ളവരോട് പോലും ആത്മബന്ധം പുലർത്തിയിരുന്ന കുറ്റിച്ചലിലെ ചുരുക്കം നേതാക്കളിലൊരാളെയാണ് ഇതോടെ നഷ്ടമായിരിക്കുന്നത്.

പൂവച്ചൽ പഞ്ചായത്തിൽ നിന്ന് വേർപെടുത്തി കുറ്റിച്ചൽ പഞ്ചായത്ത്‌ രൂപീകരിച്ചശേഷം 1980ൽ കുറ്റിച്ചലിൽ തിരഞ്ഞെടുപ്പിലൂടെ വന്ന ആദ്യ പ്രസിഡന്റെന്ന പദവിയും കെ.പിക്ക് മാത്രം സ്വന്തമാണ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായി പൊതുരംഗത്തെത്തി. 29ാം വയസിലാണ് കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പദവിയിലെത്തിയത്. ഒൻപത് വർഷക്കാലം പ്രസിഡന്റായും തുടർന്ന് 16 വർഷം ഗ്രാമപഞ്ചായത്തംഗമായും പൊതു രംഗത്ത് സജീവമായിരുന്നു.

തന്റെ സ്വന്തം പാർട്ടിക്കാരോട് പോലും സ്വന്തം നിലപാടിലുറച്ച് നിന്ന് പോരാടുകയും അതിന് കഴിയാതെ വന്നപ്പോൾ 1990ൽ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേരുകയും ചെയ്തു. തുടർന്ന് പത്ത് വർഷക്കാലം കുറ്റിച്ചലിലെ സഖാവ് കെ.പിയായി. 2000ൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തി.

നിലവിൽ അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും കുറ്റിച്ചൽ പഞ്ചായത്ത് റസിഡൻഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമാണ്.കുറ്റിച്ചൽ സർവീസ് സഹകരണബാങ്കിൽ പ്രസിഡന്റായും 18 വർഷം ഭരണസമിതി അംഗമായും പ്രവർത്തിച്ച് സൊസൈറ്റിയുടെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ചു.

ആശുപത്രിയിൽ നിന്ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം കുറ്റിച്ചൽ ജുമാഅത്തിൽ സംസ്കരിച്ചു. അനുശോചനയോഗം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജലീൽമുഹമ്മദ്, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കുറ്റിച്ചൽ വേലപ്പൻ,പരുത്തിപ്പള്ളി ചന്ദ്രൻ,ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ,അഭിലാഷ് (സി.പി.എം),എ.എ.അസീസ്(മുസ്ലിംലീഗ്), കൃഷ്ണകുമാരി(ബി.ജെ.പി),പി.ജി.വിനോദ്(സി.പി.ഐ),രജികുമാർ(ആർ.എസ്.പി),ബ്ലോക്ക് പഞ്ചായത്തംഗം സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.