photo

പാലോട്: വനമേഖലയും ആദിവാസി ഉരുകളും ലഹരിമാഫിയയുടെ പിടിയിലായിട്ട് കാലങ്ങൾ ഏറെയായി. വനമേഖലയിൽ തമ്പടിച്ചാൽ അത്രപെട്ടന്ന് പൊലീസും എക്സൈസും എത്തില്ലെന്നതാണ് ഇതിനുകാരണം. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ മേഖലയിലെ ദ്വാരക ഇത്തരത്തിൽ ലഹരിമാഫിയകളുടെ കേന്ദ്രമായി മാറിയെന്നാണ് പൊതുഅഭിപ്രായം. ഇവിടുത്തെ കാറ്റിന്പോലും ലഹരിവസ്ഥുക്കളുടെ ഗന്ധമാണെന്നാണ് നാട്ടുകാർ പറയുന്നത്.

ഇടിഞ്ഞാറിൽ നിന്നും ഒരു കിലോമീറ്റർ വനമേഖലയിലൂടെ സഞ്ചരിച്ചാൽ വിട്ടികാവ് എന്ന പ്രദേശത്തിനടുത്താണ് ദ്വാരക എന്ന സ്ഥലം. ഇവിടം ഇപ്പോൾ ലഹരിയുടെ കേന്ദ്രമായി മാറി. നാടൻ ചാരായം ,കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ കേന്ദ്രമായി ഇവിടം മാറിയിട്ട് കാലമേറെ. ലഹരിയിൽ മയങ്ങി ഈ ഗ്രാമത്തിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ചവർ നിരവധി.

ഇടിഞ്ഞാറിൽ നിന്നും രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ മങ്കയത്തും അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൈമൂറിലും എത്താം. ഇവിടെയെത്തുന്നത് കൂടുതലും വിനോദ സഞ്ചാരികളാണ്. ഇവരെയാണ് ലഹരി ഉത്പന്ന വില്പനക്കാർ നോട്ടമിടുന്നത്. ഇവരിൽ പലരും ചില റിസോർട്ടുകളും വീടുകളും താവളമാക്കിയിട്ടുമുണ്ട്. ഇനിയെങ്കിലും കർശന പരിശോധന നടത്താൽ പൊലീസും എക്സൈസും തയ്യാറായില്ലെങ്കിൽ വൻ ദുരന്തമായിരിക്കും ഫലം.

ആത്മഹത്യയിൽ അഭയം തേടുമ്പോൾ

അടുത്ത ദിവസങ്ങളിലായി രണ്ട് പെൺകുട്ടികളാണ് ഇവിടെ ആത്മഹത്യചെയ്തത്. പ്രായപൂർത്തിയാകാതെ മരണമടഞ്ഞ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഈ കുട്ടി ലഹരി ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യക്ക് കാരണമായി കണ്ടെത്തിയതും ലഹരി തന്നെ. മൂന്നു പേർ ഇതുമായി ബന്ധപ്പെട്ട് പിടിയിലായി റിമാന്റിലാണ്. എന്നാൽ പ്രതികളോടൊപ്പം തന്നെ ഈ മരണത്തിന് കാരണക്കാരായ പലരും വീണ്ടും അടുത്ത ഇരക്കായി വലവിരിച്ചു കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ വേണ്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

നന്ദിയോട് പഞ്ചായത്തിലെ ഒൻപതേക്കർ കോളനി, പവ്വത്തൂർ, മാങ്കുഴി, കുടവനാട്, പൊട്ടൻചിറ, പാലോട് സിറ്റി സെന്ററിന് പിറകുവശം പെരിങ്ങമ്മല പഞ്ചായത്തിലെ മങ്കയം,ഇടിഞ്ഞാർ,വേങ്കൊല്ല, മുത്തി കാണി, ശാസ്താംനട, കോളച്ചൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ലഹരി ഉത്പന്ന വില്പന നടക്കുന്നത്.