തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗം ശക്തിപ്രാപിച്ചതോടെ പ്രതിദിന കൊവിഡ് രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റിയും ഏറ്റവും ഉയർന്ന തോതിലെത്തി. ഇന്നലെ 46,387 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 40.21ശതമാനമാണ് പോസിറ്റിവിറ്റി. രണ്ടാം തരംഗത്തിൽ മേയ് 12ന് 43,​529 കേസുകൾ റിപ്പോർട്ട് ചെയ്തതാണ് മുമ്പുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗികൾ. 29.75% ആയിരുന്നു അന്നത്തെ ടി.പി.ആർ.

കഴിഞ്ഞ 24മണിക്കൂറിനിടെ 1,15,357സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഏറ്റവും കൂടുതൽ കേസുകൾ. യഥാക്രമം 9720, 9605പേർ.വയനാട് ഒഴികെ എല്ലാ ജില്ലകളിലും രോഗികൾ ആയിരത്തിന് മുകളിലാണ്. 385ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ 32 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അപ്പീൽ നൽകിയ 309മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.

ഇന്നലെ രോഗം സ്ഥിരീകരിച്ച 43,176പേർ സമ്പർക്കരോഗികളാണ്. 2654പേരുടെ ഉറവിടം വ്യക്തമല്ല. 172 പേരാണ് പുറത്ത് നിന്ന് വന്നവർ. 15,388 പേർ രോഗമുക്തരായി.

ചികിത്സയിലുള്ളവർ 1,99,041

നിരീക്ഷണത്തിലുള്ളവർ 3,20,516

ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ചവർ 1337