തിരുവനന്തപുരം : തലസ്ഥാന ജില്ലയുടെ നെഞ്ചിടിപ്പ് കൂട്ടി കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തോടടുത്തു. ജില്ലയിൽ ഇന്നലെ 9720 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് .മൂന്നാം തരംഗം റിപ്പോർട്ട് ചെയ്തതിന് ശേഷം ഒരു ദിവസത്തെ ഏറ്റവും കൂടിയ രോഗികളുടെ എണ്ണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 46.68 ശതമാനമായി. കഴിഞ്ഞദിവസം 45.8 ശതമാനമായിരുന്നു ടി.പി.ആർ.രോഗം സ്ഥിരീകരിച്ച് 48,712 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ജില്ലയിൽ രോഗവ്യാപനം രൂക്ഷമാകുന്നുവെന്നതിന്റെ സൂചനയാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടം. സംസ്ഥാനത്ത് ഇന്നലെ 62 പേർക്ക് ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിൽ അഞ്ചു പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം 5,684 പ്രതിദിന രോഗികളുണ്ടായിരുന്ന ഇവിടെ ഇന്നലെ 9720 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിരീക്ഷണം.

കഴിഞ്ഞ 13 ദിവസത്തിനുള്ളിൽ 53,664 രോഗികളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്.1701 പേർ ഇന്നലെ രോഗമുക്തരായി.നേരത്തെ നഗരപരിധിയിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഗ്രാമമേഖലയിലും കൊവിഡ് വ്യാപനം കൂടിയിട്ടുണ്ട്.രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ ആരോഗ്യവകുപ്പിനും സിറ്റി,ജില്ലാ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.നിലവിലെ 7 സി.എഫ്.എൽ.ടി.സികൾക്ക് പുറമെ രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ സി.എഫ്.എൽ.ടി.സികൾ തുറക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് അതിവേഗത്തിൽ രോഗികളുടെ എണ്ണം ഉയരുന്നതാണ് മൂന്നാം തരംഗത്തിൽ ആശങ്കയേറ്റുന്നത്. ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നത്.ഫെബ്രുവരി 15 വരെയുള്ള സമയം നിർണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. സമൂഹവ്യാപനം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വ്യക്തമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


കൊവിഡ് ഇന്നലെ

രോഗികൾ - 9720

രോഗമുക്തി - 1701

ചികിത്സയിലുള്ളവർ - 48,712

ടി.പി.ആർ- 46.68 ശതമാനം

ഒമിക്രോൺ-5 പേർക്ക്