തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താൻ നിയമഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്രനീക്കം സംസ്ഥാനങ്ങളുടെ അധികാരം കവരും. ഭേദഗതി വന്നാൽ ഏത് സിവിൽസർവീസ് ഉദ്യോഗസ്ഥനെയും നിർബന്ധപൂർവം കേന്ദ്രസർവീസിലേക്ക് മാറ്റാൻ കേന്ദ്രസർക്കാരിനാവും.

ശാരദാ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കാനെത്തിയ സി.ബി. സംഘത്തെ പശ്ചിമ ബംഗാളിൽ തടഞ്ഞുവച്ചതിനെ തുടർന്ന് നേരിട്ടെത്തി സമാധാനം ബോധിപ്പിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി മമതാ ബാനർജി തടഞ്ഞതാണ് പുതിയ നിയമം കൊണ്ടുവരാൻ കാരണം.

നിലവിൽ തിരഞ്ഞെടുപ്പ് നിയമപ്രകാരം ഇലക്ഷൻ കമ്മിഷന് മാത്രമാണ് ഏത് ഉദ്യോഗസ്ഥനെയും നിരീക്ഷകനായി നിയമിക്കാൻ അധികാരമുള്ളത്. പക്ഷേ അത് തിരഞ്ഞെടുപ്പ് പൂർത്തിയാകും വരെയാണ്.

നിലവിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ (എൻ.ഒ.സി) കേന്ദ്രഡെപ്യൂട്ടേഷന് അപേക്ഷിക്കാനാവില്ല. കേന്ദ്രം അനുവദിച്ചാലും സംസ്ഥാനം വിടുതൽ ഉത്തരവിറക്കാതെ പോകാനാവില്ല. സംസ്ഥാനങ്ങളിലെ കേഡർ തസ്തികകളിൽ 40ശതമാനം ഡെപ്യൂട്ടേഷൻ റിസർവാണ്. അതായത് കേന്ദ്രം ആവശ്യപ്പെടുമ്പോൾ വിട്ടുനൽകാനുള്ളത്. ഡെപ്യൂട്ടി സെക്രട്ടറി മുതൽ സെക്രട്ടറി വരെ കേന്ദ്രത്തിലെ തസ്തികകളെല്ലാം ഓപ്പൺ തസ്തികകളാണ്. ഏത് കേഡറിൽ നിന്നും സർവീസിൽ നിന്നും യോഗ്യരായവരെ നിയമിക്കാം. കരാർ നിയമനവുമാവാം. മുൻപ് ഊർജ്ജ സെക്രട്ടറിയായി റിലയൻസിൽ നിന്ന് വിരമിച്ചയാളെ നിയമിച്ചിട്ടുണ്ട്.

ഉത്തരേന്ത്യക്കാർ കേന്ദ്രഡെപ്യൂട്ടേഷൻ തരപ്പെടുത്തി പോകാനൊരുങ്ങിയാൽ സംസ്ഥാനത്തിന് തടയാനാവില്ല.ഇതോടെ പദ്ധതി നടത്തിപ്പടക്കം അവതാളത്തിലാവും. കേരളമടക്കം ആറ് സംസ്ഥാനങ്ങൾ ഭേദഗതിയെ എതിർക്കാൻ കാരണമിതാണ്.1954 ലെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് റൂൾസിലെ റൂൾ 6 ഭേദഗതി ചെയ്യാനാണ് കേന്ദ്രനീക്കം. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും കേന്ദ്രഭേദഗതി അംഗീകരിക്കാനാവില്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

ഐ.എ.എസുകാർ

പറയുന്നത്

1)അപേക്ഷിക്കാത്ത തസ്തികയിൽ ഡെപ്യൂട്ടേഷൻ നൽകരുത്.

2)ഉദ്യോഗസ്ഥന്റെ സമ്മതം നിർബന്ധമാക്കണം

3)അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിലാവും

പ്രിയം സംസ്ഥാനസർവീസ്

1)മികച്ച ഉദ്യോഗസ്ഥരെ കേന്ദ്രസർവീസിൽ ലഭിക്കുന്നില്ല. അധികാരം കിട്ടുന്ന സംസ്ഥാനസർവീസാണ് ഉദ്യോഗസ്ഥർക്ക് പഥ്യം.

2)വീട്ടുവാടകയായി മുപ്പതിനായിരം രൂപ വരെ ലഭിക്കുന്നുണ്ട്. കേന്ദ്രഡെപ്യൂട്ടേഷനിൽ ക്വാർട്ടേഴ്സുള്ളതിനാൽ ഈ തുക കിട്ടില്ല.

കേരളത്തിൽ ഉദ്യോഗസ്ഥ ക്ഷാമം

#ഐ.എ.എസ് കേഡർ 231ആണെങ്കിലും 87പേരുടെ കുറവുണ്ട്. ഐ.പി.എസിന് 172 വേണ്ടപ്പോൾ 82 ഉദ്യോഗസ്ഥർ കുറവാണ്. ഐ.എഫ്.എസ് കേഡറിൽ 107 പേർ വേണ്ടിടത്ത് 62 പേരേയുള്ളൂ.

# 22 ഐ.എ.എസുകാർ കേന്ദ്ര ഡെപ്യൂട്ടേഷനിലും 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ ഇന്റർ കേഡർ ഡെപ്യൂട്ടേഷനിലും 6 പേർ സംസ്ഥാന സർക്കാരിന് കീഴിൽ സ്റ്റേറ്റ് ഡെപ്യൂട്ടേഷനിലുമാണ്.

#ഐ.പി.എസ് ഉദ്യോഗസ്ഥരിൽ 23 പേർ കേന്ദ്ര ഡെപ്യൂട്ടേഷനിലും ഒരാൾ ഇന്റർ കേഡർ ഡെപ്യൂട്ടേഷനിലും 2 പേർ സ്റ്റേറ്റ് ഡെപ്യൂട്ടേഷനിലുമാണ്.