s

തിരുവനന്തപുരം: ടെക്‌നോപാർക്കിലെ എംബസി ടോറസ് ടെക്‌സോണിനടുത്ത് ബഹുനില കാർ പാർക്കിംഗ് കേന്ദ്രം വരുന്നു. ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്സ് ഇന്ത്യയും എംബസി ഗ്രൂപ്പും ചേർന്ന് ടെക്‌നോപാർക്കിൽ നിർമിക്കുന്ന ടോറസ് ഡൗൺടൗൺ പദ്ധതിയുടെ ഭാഗമായാണ് ഐ.ടി കമ്പനികൾക്കും മറ്റും പ്രവർത്തിക്കാൻ ലോകോത്തര നിലവാരത്തിൽ സ്‌പെഷ്യൽ ഇക്കോണമി സോണും വികസിപ്പിക്കുന്നത്. ഇവിടേക്കാണ് ബഹുനില പാർക്കിംഗ് ടവർ വരുന്നത്.

ടെക്നോപാർക്ക് മൂന്നാം കാമ്പസിലെ ഗംഗ,യമുന സമുച്ചയത്തിലെ നിലവിലെ പാർക്കിംഗ് സ്ഥലത്താണ് ബഹുനില പാർക്കിംഗ് ടവർ ഒരുങ്ങുക. പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഡ്രാഗൺസ്റ്റോൺ റിയാലിറ്റിയാണ് പാർക്കിംഗ് കേന്ദ്രം നിർമ്മിക്കുന്നത്. ഇതിനായി സ്‌പെഷ്യൽ എക്കണോമിക് സോൺ വ്യവസ്ഥകളിലുൾപ്പെടുത്തി 2.35ഏക്കർ സ്ഥലം 90 വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ കൈമാറി. ഇതുസംബന്ധിച്ച ധാരണയിൽ ടെക്നോപാർക്കും ഡ്രാഗൺസ്റ്റോണും ഒപ്പുവച്ചു.

ആറുനില കെട്ടിടത്തിൽ 4.5ലക്ഷം ചതുരശ്രഅടി വിസ്‌തീർണത്തിൽ സജ്ജമാക്കുന്ന കൂറ്റൻ പാർക്കിംഗ്ടവർ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും. ടെക്നോപാർക്കിന് സാമ്പത്തിക ബാദ്ധ്യതയില്ലാത്ത രീതിയിലാണ് കരാർ. കാമ്പസിലെ സ്ഥാപനങ്ങൾക്ക് 250കാറുകളും 100 ബൈക്കുകളും സൗജന്യമായി പാർക്ക്ചെയ്യാനും അനുവദിക്കും. മറ്റ് വാഹനങ്ങൾക്ക് പേ ആൻഡ് പാർക്ക് സംവിധാനമായിരിക്കും. കേന്ദ്രത്തിന്റെ നടത്തിപ്പും ഡ്രാഗൺസ്റ്റോണിനു തന്നെയായിരിക്കും. അതേസമയം ഇൗ വർഷം നവംബറിൽ പൂർത്തിയാകാനിരിക്കുന്ന ടെക്‌നോപാർക്കിലെ എംബസി ടോറസ് ടെക്‌സോണിൽ 4.63ലക്ഷം ചതുരശ്രയടി ഓഫീസ് ഇടം പാട്ടത്തിനെടുത്ത് അലയൻസ് ഗ്രൂപ്പിന്റെ ടെക്‌ സ്‌പെയ്സ് സംവിധാനവും രംഗത്തുവരും. ഇതുസംബന്ധിച്ച നടപടികളും പൂർത്തിയായതായി ടെക്നോപാർക്ക് അറിയിച്ചു.

സംസ്ഥാനത്ത് ഇത്രയധികം ഐ.ടി ഇടം ഒറ്റ സ്ഥാപനം പാട്ടത്തിനെടുക്കുന്നത് അത്യപൂർവമാണ്. 5,500 ജീവനക്കാർക്കുള്ള വർക്ക് സ്‌പെയ്സ് ഇവിടെ സജ്ജമാകും. യൂറോപ്പിന് പുറത്ത് ആദ്യമായാണ് അലയൻസ് ടെക്‌നോളജി ഇത്രയേറെ ജീവനക്കാരെ ഒരു കേന്ദ്രത്തിൽ വിന്യസിക്കുന്നതെന്നതും പ്രത്യേകതയാണ്. നവംബറോടെ കെട്ടിട നിർമാണം പൂർത്തിയാക്കി അലയൻസ് ഗ്രൂപ്പിന് കൈമാറും.