
പൂവാർ: ഗ്രാമീണ മേഖലകളിലെ പ്രധാന തൊഴിൽ ദാതാവായിരുന്ന ഇഷ്ടികക്കളങ്ങൾ ഇന്ന് കാണാമറയത്താണ്. ഇഷ്ടിക നിർമ്മാണമേഖല പ്രതിസന്ധിയിലായതാണ് ഇതിന് കാരണം. ചൂളകളിൽ നിന്നുമുയരുന്ന പുകയും, മണ്ണ് വേകുന്ന മണവും പുതു തലമുറയ്ക്ക് അന്യമാണ്. അടുത്ത കാലം വരെ നെയ്യാറ്റിൻകര താലൂക്കിന്റെ കിഴക്കൻ മേഖല ഇഷ്ടിക നിർമ്മാണത്തിൽ പേരും പെരുമയും കേട്ട ഇടങ്ങളായിരുന്നു. അനവധി ചൂളകൾ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നിടങ്ങളെല്ലാം തരിശായി മാറിയിരിക്കുന്നു. ഒരു പരമ്പരാഗത തൊഴിലിടം കൂടിയായിരുന്നു ഇഷ്ടികക്കളങ്ങൾ. നൂറ് കണക്കിന് കുടുംബങ്ങളാണ് ഇഷ്ടിക വ്യവസായത്തെ ആശ്രയിച്ച് ഉപജീവനം കഴിച്ചിരുന്നത്. എന്നാലിന്ന് ഈ ഉപജീവനമാർഗം വഴിമുട്ടിയ നിലയിലാണ്.
ഇടംപിടിച്ച് ഹോളോബ്രിക്സ്
തൊഴിലാളികൾ സൂര്യനുദിക്കുന്നതിന് മുമ്പ് കളത്തിലിറങ്ങും. മണ്ണ് പാകപ്പെടുത്തുന്നതും, കല്ലുണ്ടാക്കുന്നതും, അവ ഉണക്കി പരുവപ്പെട്ടത്തുന്നതും, പിന്നെയത് ചൂളയിൽ അടുക്കി ഇഷ്ടികയാക്കുന്നതിനും പ്രത്യേകം പ്രാവീണ്യമുള്ള തൊഴിലാളികളാണ്. ഇവരുടെ കരവിരുതിനാൽ രൂപപ്പെടുന്ന കല്ലുകൾക്ക് വിപണിയിൽ നല്ല മാർക്കറ്റായിരുന്നു. ഒരു ചൂളയിൽ ഒരു പ്രാവശ്യം അമ്പതിനായിരം മുതൽ ഒരു ലക്ഷം ഇഷ്ടിക വരെ വേകിച്ചെടുക്കാനാകും. എന്നാൽ ഇഷ്ടികയെക്കാൾ വിലക്കുറവിൽ ഹോളോബ്രിക്സുകൾ കിട്ടുമെന്നതിനാൽ പലരും ഇഷ്ടികയെ മറന്നുതുടങ്ങി.
തൊഴിൽതേടി തൊഴിലാളികൾ
തൊഴിൽ നഷ്ടപ്പെട്ടവരിൽ ചിലർ മറ്റ് മേഖലകൾ തേടി പോയി. കൂടുതലും തൊഴിൽ രഹിതരായി ജീവിതം എങ്ങുമെത്തിക്കാൻ കഴിയാതെ പോയവരാണ്. ചൂളകൾ ഓരോന്നായി തകർന്ന് വീണു. അവശേഷിക്കുന്നവ തിരുപുറം പഞ്ചായത്തിലെ പഴയകടയ്ക്ക് സമീപം കാലുംമുഖം ഭാഗത്ത് കാണാനുമാകും. അവയും ഇനി ഏറെനാൾ ഉണ്ടാകില്ലെന്നാണ് നടത്തിപ്പുകാർ പറയുന്നത്.
പുതിയ ഭൂവിനിയോഗ നിയമം വന്നതോടുകൂടി മണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായി. ഇതിനാൽ ഇഷ്ടിക നിർമ്മിക്കാൻ മണ്ണ് കിട്ടാതെയുമായി. അതോടൊപ്പം സിമന്റ് കല്ലുകളുടെ കടന്നു വരവും, തമിഴ്നാട് കല്ലിന്റെ വിലക്കുറവും പ്രതിസന്ധി രൂക്ഷമാക്കി.
മായം കലർന്ന് അന്യദേശക്കാർ
ഇവിടെ നിർമ്മിക്കുന്ന കല്ലുകൾക്ക് മൂന്ന് ഇഞ്ച് കനവും നാലര ഇഞ്ച് വീതിയും ഒൻപത് ഇഞ്ച് നീളവുമുണ്ട്. പൂഴിമണൽ ചേരാത്തതിനാൽ ബലവും കൂടുതലാണ്. ഇത്രയും വലിപ്പം തമിഴ്നാട് കല്ലിനില്ല. നിറത്തിനു വേണ്ടി പൂഴിമണൽ ചേർത്താണ് അവർ ഇഷ്ടിക നിർമ്മിക്കുന്നതും. നിർമ്മാണമേഖലയിലെ കോൺട്രാക്ട് വ്യവസ്ഥകൾ ശക്തി പ്രാപിച്ചതോടുകൂടി ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കാൾ വിലക്കുറവിനാണ് പ്രാധാന്യം കല്പിക്കുന്നതെന്നും അതുകൊണ്ടാണ് ഇഷ്ടിക നിർമ്മാണമേഖല ഇത്രമേൽ പ്രതിസന്ധി നേരിടാൻ കാരണമായതെന്നുമാണ് ചൂള നടത്തിപ്പുകാർക്കിടയിൽ പറഞ്ഞു കേൾക്കുന്നത്.